കോട്ടയം: ഒരു ആശയം എങ്ങനെ ജനങ്ങളിൽ എത്തിക്കാം… ഒഴിവാക്കാൻ കഴിയുന്ന ഒരു ദുരവസ്ഥയെ കുറിച്ച് എങ്ങനെ ജനങ്ങളെ ബോധവത്കരിക്കാം…
ഇതിന് രണ്ടിനുമായി ഒരു മാർഗം കണ്ടെത്തിയിരിക്കുകയാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ വനിതാ ഡോക്ടർമാർ.
സ്ത്രീകളിൽ സ്തനാർബുദത്തിന്റെ സാധ്യതകൾ എത്രത്തോളം ഉണ്ടാകുമെന്ന് സ്ത്രീകളെ തിരിച്ചറിയിക്കുന്ന,
അതിനെ എങ്ങനെ നേരിടാം എന്ന് ബോധവത്കരിക്കുന്ന ഒരു ഹ്രസ്വചിത്രം നിർമിച്ചാണ് കാരിത്താസ് ആശുപത്രിയിലെ ഇരുപതോളം വനിതാ ഡോക്ടർമാരും അവരുടെ സഹപ്രവർത്തകരും മുന്നിട്ടിറങ്ങിരിക്കുന്നത്.
ലോക കാൻസർ ദിനത്തോടനുബന്ധിച്ചാണ് ആശുപത്രിയിലെ വനിതാ ഡോക്ടർമാർ സ്വയം അഭിനയിച്ചും രചനയും സംവിധാനവും ചെയ്തും ഇത്തരമൊരു ഒരു ഹ്രസ്വചിത്രം നിർമിച്ചത്.
സ്ത്രീകളിൽ സ്തനാർബുദത്തിന്റെ സാധ്യതകൾ എത്രത്തോളമുണ്ടെന്നും അതിനെ എങ്ങനെ നേരത്തെ കണ്ടെത്താമെന്നും വളരെ ലളിതമായി ഏവർക്കും മനസിലാകുന്ന രീതിയിലാണ് “കരുതലോടെ മുന്നോട്ട്’’ എന്ന ഹ്രസ്വചിത്രം പറയുന്നത്.
കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ജെനി ജോസഫാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് .
കാരിത്താസ് ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. സ്വപ്ന സുരേന്ദ്രൻ, ഡോ. ജൂഡിത്ത് ആരോണ്‍, ഡോ. ജെന്നി ജോസഫ്, ഡോ. സുനു ജോണ്‍, ഡോ. ആശ, ഡോ. ബുൽബുൽ, ഡോ. ജ്യോലിത എന്നിവരാണ് മുഖ്യകഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.
സ്തന സ്വയം പരിശോധനയുടെയും സ്ക്രീനിംഗ് മാമോഗ്രാമിന്റെയും പ്രാധാന്യം ചിത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
മുൻകൂട്ടി കണ്ടെത്തിയാൽ കാൻസർ പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമെന്നും ചെലവുകുറഞ്ഞ ലളിതമായ ചികിത്സകൾ മാത്രമേ ആവശ്യമായി വരികയുള്ളൂയെന്നും ചിത്രം മനസിലാക്കിത്തരുന്നു.
“കരുതലോടെ മുന്നോട്ട്’ ഇപ്പോൾ യുട്യൂബിൽ ലഭ്യമാണ്. https://youtu.be/Uw-B91NUNUk