കരുവഞ്ചാൽ(കണ്ണൂർ): ഉത്തരമലബാറിലെ തലയെടുപ്പുള്ള ഗജവീരൻമാരിൽ പ്രമുഖനായ കരുവഞ്ചാൽ ഗണേശൻ യാത്രയായി. ഇന്നു രാവിലെയാണ് ഗണേശൻ ചരിഞ്ഞത്. ഇത് മലയോരത്തെ ആനപ്രേമികളെ സങ്കടത്തിലാക്കി. ഗണേശൻ പനി ബാധിച്ച് കുറച്ച് ദിവസങ്ങളായി കടുത്ത അവശതയിലായിരുന്നു.
തൃശൂരിൽ നിന്ന് വെറ്റിനറി ഡോക്ടർമാർ ഉൾപ്പെടെ വിദഗ്ധസംഘം ഗണേശന് ചികിത്സ നൽകിവരികയായിരുന്നു. ഗണേശൻ മരണപ്പെട്ടവിവരം മലയോരത്ത് വളരെ വേഗം വ്യാപിക്കുകയും ആനപ്രേമികളും ഗണേശൻ ഫാൻസ് അസോസിയേഷൻ അംഗങ്ങളുമടക്കം വൻജനാവലിയാണ് അവസാനമായി ഒന്നുകൂടി ഗണേശനെ കാണുന്നതിനായി എത്തുന്നത്.
കരുവഞ്ചാലിന് സമീപം കല്ലൊടിയിലെ പുല്ലാട്ട് വക്കച്ചന്റെ ഉടമസ്ഥയിലുള്ള ആനയാണ് ഗണേശൻ. മലയോരത്ത് നാട്ടാനകൾ അപൂർവമാണ്. മലയോര മണ്ണിൽനിന്ന് പൂര മഹോത്സവത്തിന് പങ്കെടുത്ത തലയെടുപ്പുള്ള ഗജവീരനായ ഗണേശനെ കുഞ്ഞിമംഗലം ഗ്രാമം യുവകേസരി പട്ടം നൽകി ആദരിച്ചിരുന്നു.
കുഞ്ഞിമംഗലം ഉൾപ്പെടെ നൂറോളം ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും മറ്റ് ചടങ്ങുകളിലെയും നിറസാന്നിധ്യമായിരുന്നു ഗണേശൻ. തൃശൂരിലെ തൃപ്രയാറിൽനിന്നും പുല്ലാട്ട് വക്കച്ചൻ കൊണ്ടുവന്ന ഗണേശന് ഇപ്പോൾ 20 വയസു മാത്രമാണ് പ്രായം. ടിന്പർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ വക്കച്ചനെ തടിപിടിക്കുന്ന ജോലികളിലും ഗണേശൻസഹായിച്ചുപോന്നിരുന്നു. ഗണേശൻ വിടവാങ്ങിയത് പാപ്പാൻമാരായ മനോജ്, ചന്ദ്രൻ എന്നിവരെയും ഏറെ ദുഃഖത്തിലാഴ്ത്തി.