വടക്കാഞ്ചേരി: കുണ്ടുകാട് കരുവാൻകാട് വിമലഗിരി പബ്ലിക് സ്കൂളിലെ അധ്യാപകരെ മാനേജ്മെന്റ് പിരിച്ചുവിട്ട സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗം തീരുമാനമാകാതെ അലസിപ്പിരിഞ്ഞു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സമരക്കാർ സ്കൂൾ ബസുകളുടെ ടയറുകൾ കുത്തി പ്പൊളിച്ചു.സംഭവത്തിൽ പോലീസ് നിഷ്ക്രിയമാണെന്നു മാനേജ്മെന്റ് കുറ്റപ്പെടുത്തി.
പുറത്താക്കിയ അധ്യാപകർക്കു നിരവധിതവണ മാനേജ്മെന്റ് മെമ്മോ നൽകിയിരുന്നതായും അധികൃതർ പറഞ്ഞു. ഹിന്ദി, കോമേഴ്സ്, പി.ടി വിഷയങ്ങ ളിലെ അധ്യാപകരെയാണു സ് കൂളിൽനിന്നു പുറത്താക്കിയിട്ടുള്ളത്. സിബിഎസ് ഇ നിയമപ്രകാരം അധ്യാപകരെ നിയമിക്കുന്പോൾ യോഗ്യതയുള്ളവരെ കിട്ടിയില്ലെങ്കിൽ താത്കാലികമായി മറ്റ് അധ്യാപകരെ നിയമിക്കാൻ കഴിയും. ഇത്തരത്തിലുള്ള മൂന്ന് അധ്യാപകരെയാണ് മാനേജ്മെന്റ് സ്കൂളിൽനിന്നു മാസങ്ങൾക്കുമുന്പ് പിരിച്ചുവിട്ടത്.
മൂവാറ്റുപുഴ രൂപതയുടെ കീഴിലാണ് സ്കൂളിന്റെ പ്രവർത്തനം. പിരിച്ചുവിട്ട അധ്യാപകർ സ്കൂളിൽ ജോലി നോക്കുന്ന കാലയളവിൽതന്നെ സിബിഎസ്ഇ ബോർഡിലും വിജിലൻസിലും പരാതികൾ നൽകിയിരുന്നു. പിരിച്ചുവിട്ട അധ്യാപകർക്ക് സഹായവുമായി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള അധ്യാപക സംഘടന രംഗത്തെത്തിയതോടെയാണ് സ്കൂളിനെതിരെയുള്ളസമരം ശക്തമായത്.
കഴിഞ്ഞദിവസം രാത്രിവരെ സ്കൂൾ പ്രിൻസിപ്പൽ ബിന്ദു മോ ഹൻദാസ് ഉൾപ്പടെയുള്ള അധികൃതരെ സ്കൂളിൽ സമരക്കാർ തടഞ്ഞുവയ്ക്കുകയും രാത്രി പത്തോടെ തൃശൂർ എസിപി ഉൾപ്പടെയുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെത്തിയാണ് സ്കൂൾ അധികൃതരെ മോചിപ്പിച്ചത്.
സിപിഎമ്മിന്റെ നേതൃത്വത്തിൽ നൂറുകണക്കിനു വരുന്ന സമരക്കാർ സ്കൂൾ കവാടം അടച്ചുപൂട്ടി രാത്രിയിലും സമരം തുടരുകയാണ്. ഇന്നലെ രാത്രിയിലാണ് മൂന്ന് സ്കൂൾ ബസുകളുടെ ടയറുകൾ സമരാനുകൂലികൾ തകർത്തത്. പുറത്താക്കിയ മൂന്ന് അധ്യാപകർ ഒക്ടോബർ മൂന്നു മുതൽ സ്കൂൾപടിക്കൽ നിരാഹാര സമരം അനുഷ്ഠിക്കുകയാണ്.
ഇന്നലെ രാവിലെ ജില്ലാ കളക്ടർ ടി.വി.അനുപമയുടെ ചേന്പറിൽ ഒത്തുതീർപ്പിനായി യോഗം വിളിച്ചുചേർത്തു. കളക്ടർക്കുപുറമെ ആർഡിഒ ഡോ. രേണു രാജ്, കെ. രാജൻ എംഎൽഎ, സ് കൂൾ മാനേജർ ഫാ. ജോസഫ് താഴത്തേതിൽ, വിവിധ യൂണിയനുകളുടെ നേതാക്കൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സ്കൂൾ മാനേജ്മെന്റ് അധികൃതർ എന്നിവരായിരുന്നു ചർച്ചയിൽ പങ്കെടുത്തത്.
കോടതിവിധി വരുന്നതുവരെ ക്ഷമിക്കാൻ കഴിയില്ലെന്നും പിരിച്ചുവിട്ട അധ്യാപകരെ ഉടൻ തിരിച്ചെടുക്കണമെന്നും കോടതി വിധി തങ്ങൾക്കു ബാധകമല്ലെന്നുമായിരുന്നു സമര നേതാക്ക ളുടെ നിലപാടത്രെ.എന്നാൽ, സ്കൂളുമായി ബന്ധപ്പെട്ടുള്ള കേസുകൾ ഹൈക്കോടതിയിലാണെന്നും കോടതി എന്തു പറയുന്നുവോ അതു നടപ്പിലാക്കാനാണ് എന്റെ മേലധികാരികൾ എന്നെ ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും സ്കൂൾ മാനേജർ ഫാ.ജോസഫ് താഴത്തേതിൽ യോഗത്തിൽ അറിയിച്ചു. ഇതോടെയാണ് കളക്ടർ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞത്.