കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ചോദ്യം ചെയ്യലിനായി ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ 10.30 ഓടെയാണ് വർഗീസ് കൊച്ചി ഓഫീസിൽ ഹാജരായത്.
നേരത്തെ രണ്ട് തവണയായി മണിക്കൂറുകളോളം എം.എം. വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചിന് മൂന്നാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടപ്പോള്‍ ഇദേഹം സാവകാശം തേടുകയായിരുന്നു.
തൃശൂര്‍ ജില്ലയിലെ നവകേരള സദസ് നടക്കുന്ന സാഹചര്യത്തിലായിരുന്നു നീക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനെത്തുമ്പോള് ജില്ലാ സെക്രട്ടറി ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്ന സാഹചര്യം ഒഴിവാക്കാനാണ് സാവകാശം തേടിയത്.
തുടര്‍ന്ന് ഇന്ന് ഹാജരാകാന്‍ ഇഡി നോട്ടീസ് അയയ്ക്കുകയായിരുന്നു. വര്‍ഗീസിനൊപ്പം മുന്‍ ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ഏരിയാ കമ്മിറ്റി അംഗവുമായ എം.ബി. രാജു, ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് പീതാംബരന് എന്നിവരും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം.
ബാങ്കിലെ സിപിഎം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്. സിപിഎമ്മിന് കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് ഇഡി കണ്ടെത്തിയത്. അനധികൃത വായ്പകള്‍ നേടിയവരില്‍നിന്ന് വന്‍ തുകകള്‍ പാര്‍ട്ടി ഫണ്ടുകളായി കൈപ്പറ്റിയോയെന്നും ഇഡി അന്വേഷിക്കുന്നുണ്ട്. സിപിഎം അക്കൗണ്ടുകളിലൂടെ 50 ലക്ഷത്തില്‍ കുറയാത്ത ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തലുണ്ട്.
പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷന് തുക എത്തിയെന്നും തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഈ അക്കൗണ്ടുകളില്‍നിന്ന് തുക പിന്‍വലിച്ചതായും ഇഡി അറിയിച്ചു. എന്നാല്‍ അക്കൗണ്ടിലെ പണമിടപാട് വിവരങ്ങള്‍ കൈമാറാന്‍ സിപിഎം തയാറായില്ല. അക്കൗണ്ടിലെ പണത്തിന്റെ വിവരം കൈമാറാതെ എം.എം. വര്‍ഗീസ് ഒഴിഞ്ഞുമാറിയിരുന്നു.
കരുവന്നൂരില്‍ നടന്നത് 90 കോടിയുടെ കളളപ്പണ ഇടപാടാണെന്നാണ് ഇഡി പറയുന്നത്. 12,000 പേജുള്ള കുറ്റപത്രത്തില്‍ 50 വ്യക്തികളും അഞ്ച് സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. നവംബര്‍ ആദ്യമാണ് കേസിലെ ആദ്യഘട്ട കുറ്റപത്രം ഇഡി സമര്‍പ്പിക്കുന്നത്.