കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി) നു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി. തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബിജു, തൃശൂര്‍ കോര്പറേഷന് കൗണ്‍സിലര്‍ പി.കെ. ഷാജന് എന്നിവരാണ് ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായത്.
കരുവന്നൂര്‍ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടിനെക്കുറിച്ചും ബാങ്കില്‍ നിന്ന് ബെനാമി വായ്പകള്‍ അനുവദിച്ചതിലുമാണ് ചോദ്യം ചെയ്യല്‍. നേരത്തെ എം.എം. വര്‍ഗീസ് അടക്കമുള്ളവരെ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിരുന്നു.എന്നാല്‍ രഹസ്യ അക്കൗണ്ടിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന മറുപടിയാണ് നേതാക്കള്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ബാങ്ക് അക്കൗണ്ട് ലോക്കല്‍ കമ്മിറ്റിയുടെ പേരിലാണെന്നും ഇത് സംബന്ധിച്ച രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.
നേരത്തെ ഇഡി ചോദ്യം ചെയ്യലിനിടെ എം.എം. വര്‍ഗീസിനെ ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും ചോദ്യം ചെയ്തിരുന്നു. തൃശൂരിലെ ദേശസാല്‍കൃത ബാങ്കിലെ പണമിടപാടിലാണ് നടപടി.
അതേസമയം, ലോക്കല്‍ കമ്മിറ്റി അക്കൗണ്ടുകളെക്കുറിച്ച് അറിയില്ലന്ന് എം.എം. വര്‍ഗീസ് പറഞ്ഞു. ലോക്കല്‍ കമ്മിറ്റികളുടെ അക്കൗണ്ടുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മാത്രമേ ഇഡിയോട് പറയാനാവൂ.
കൈയിലുള്ള അക്കൗണ്ടുകളുടെ വിവരങ്ങളെ നല്‍കാനാവൂ. കൈവശമില്ലാത്ത രേഖകള്‍ എങ്ങനെ കൊടുക്കാന്‍ സാധിക്കും. തനിക്ക് ഒന്നും മറച്ചുവയ്ക്കേണ്ട കാര്യമില്ല. എല്ലാ കാര്യങ്ങളും സുതാര്യമായിട്ടാണ് പാര്‍ട്ടി ചെയ്യുന്നതെന്നും അദേഹം കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.