സ്വന്തം ലേഖകൻ
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പു തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല്…ഒന്നര ദശാബ്ദം മുന്പേ തട്ടിപ്പിന്റെ അണിയറക്കളികൾ തുടങ്ങിയിരുന്നു. കുറച്ചെങ്കിലും പുറത്തുവന്നതു കൊല്ലങ്ങൾക്കിപ്പുറമാണെന്നു മാത്രം.
കരുവന്നൂർ സാഹകരണ ബാങ്ക് ലാഭം കൊയ്ത വർഷമായിരുന്നു 2003. നേട്ടത്തിനു കാരണമായത് എറണാകുളം, തൃശൂർ ജില്ലകളിൽ ബാങ്ക് റബ്കോ കന്പനിയുടെ ഡീലർഷിപ്പ് ഏറ്റെടുത്തതായിരുന്നു.
2004ൽ കൊരുന്പിശേരി സ്വദേശി ബിജോയിയെ കമ്മീഷൻ ഏജന്റായി നിയമിച്ചു. ലാഭത്തിൽ എട്ടുശതമാനം ബിജോയിക്കും നാലു ശതമാനം ബാങ്കിനും എന്നായിരുന്നു ധാരണ.
ഇവിടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം. റബ്കോ വഴി കടകളിലേക്കു വിതരണം ചെയ്യുന്ന സാധനങ്ങളുടെ പണം ബാങ്കിൽ അടയ്ക്കാതെ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചായിരുന്നു തിരിമറി.
തട്ടിപ്പിന്റെ തുടക്കത്തിലെ വഴിത്തിരിവ് 2005ലായിരുന്നു. ഇതിനു തിരികൊളുത്തിയത് ബാങ്കിന്റെ സിവിൽസ്റ്റേഷൻ എക്സ്റ്റൻഷൻ കൗണ്ടറിന്റെ മാനേജരും സിപിഎം ലോക്കൽ കമ്മിറ്റി മുൻ അംഗവുമായിരുന്ന എം.വി. സുരേഷും.
റബ്കോ ബിസിനസുമായി ബന്ധപ്പെട്ടു ക്രമക്കേടുണ്ടെന്നു സിപിഎം ജില്ലാ സെക്രട്ടറി ബേബി ജോണിനു സുരേഷ് പരാതി നൽകി.
അന്വേഷണ കമ്മീഷനെ വച്ച് സിപിഎം അന്വേഷണം നടത്തിയെങ്കിലും പിന്നീട് ജില്ലാ സെക്രട്ടറിയായി എ.സി. മൊയ്തീൻ ചുമതലയേറ്റതോടെ അന്വേഷണം എങ്ങുമെത്തിയില്ല.
തട്ടിപ്പിന്റെ അടുത്തഘട്ടം ഒന്പതുകൊല്ലങ്ങൾക്കുശേഷം 2014 ജനുവരി മുതലായിരുന്നു. പ്രതികൾ കൂട്ടമായി ഡ്യൂപ്ലിക്കേറ്റ് രേഖകൾ വച്ച് ബാങ്കിൽനിന്നും വായ്പയെടുക്കാൻ തുടങ്ങി.
50 ലക്ഷം രൂപയേ ഒരാൾക്കു വായ്പ നൽകാൻ പാടുള്ളൂ എന്ന നിയമമൊക്കെ കാറ്റിൽപറത്തി 50 ലക്ഷം രൂപ വീതമുള്ള 46 ലോണുകളായി കിരണ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കു മാറ്റിയത് 23 കോടി രൂപ!
പിന്നീട് 2015ൽ പൊറത്തിശേരി മണപ്പെട്ടി ബാലന്റെ 67,500 രൂപയുടെ നിക്ഷേപത്തിൽനിന്നും സെക്രട്ടറിയും വനിതാ ജീവനക്കാരിയും ചേർന്ന് ലോണെടുത്തു പങ്കിട്ടെടുക്കലും നടന്നു.
തട്ടിപ്പിന്റെ കള്ളക്കളികൾ എം.വി. സുരേഷ് പുറത്തുകൊണ്ടുവന്നപ്പോൾ സുരേഷിനെതിരെ വനിതാ ജീവനക്കാരിയിൽനിന്നും പീഡനശ്രമം നടന്നതായി പരാതി എഴുതി വാങ്ങുകയും, പിന്നീട് കുറുന്പാടൻ രഞ്ജിത്തിന്റെ ഒരു ലക്ഷം രൂപ സുരേഷ് എടുത്തതായി ആരോപിക്കുകയും ചെയ്തു.
ഇതു കേസാക്കി സുരേഷിനെ കുടുക്കി. 2015 നവംബർ 11നു സുരേഷിനെ ബാങ്കിൽനിന്നും സസ്പെൻഡ് ചെയ്തു. 2018 ഓഗസ്റ്റ് 20നു ജോലിയിൽനിന്നും പിരിച്ചുവിട്ടു.
പിന്നീട്, നഗരസഭാ കൗണ്സിലർ ടി.കെ. ഷാജു അന്നത്തെ സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണനു പരാതി നൽകുകയും തുടർന്ന് 2019 ജനുവരി 14 ന് ഓഡിറ്റ് റിപ്പോർട്ട് അടിസ്ഥാനമാക്കി വിജിലൻസ് ഡയറക്ടർക്കു പരാതി നൽകുകയും ചെയ്തെങ്കിലും നടപടിയുണ്ടായില്ല.
2018 ഡിസംബർ എട്ടിനു മാടായിക്കോണം സിപിഎം ബ്രാഞ്ച് കമ്മിറ്റിയിൽ ബാങ്ക് പ്രസിഡന്റ് ദിവാകരൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ബി. രാജു മാസ്റ്റർ വിഷയം ഉന്നയിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
2019 ജനുവരി 16ന് എം.വി. സുരേഷ് ജോയിന്റ് രജിസ്ട്രാർക്കു പരാതി നൽകി. അന്വേഷണച്ചുമതല മുകുന്ദപുരം താലൂക്ക് രജിസ്ട്രാർക്കു കൈമാറി.
2019 ജൂലൈ 27നാണ് യൂണിറ്റ് ഇൻസ്പെക്ടർ പ്രീതി സത്യന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്.
ഡിസംബർ ആറിനു പ്രതികൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടും, പ്രതികൾ ഒളിവിൽ പോകാനും നാടുവിടാനും സാധ്യതയുണ്ടെന്നും കാണിച്ച് സുരേഷിന്റെ നേതൃത്വത്തിൽ ആറുപേർ ഡിഐജിക്കു കത്തു നൽകി.
പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും അപ്പോഴും കേസ് എടുത്തില്ല. സിപിഎമ്മിന്റെ സ്വാധീനത്തിൽ തട്ടിപ്പുകാർ കളികൾ തുടർന്നു.
2020 ഏപ്രിൽ 28 ന് സ്വകാര്യചാനലിൽ സഹകരണ മന്ത്രി കടകംപിള്ളി സുരേന്ദ്രന്റെ ഫോണ് ഇൻ പ്രോഗ്രാം പരിപാടിയിൽ സുരേഷ് ബാങ്കിന്റെ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെട്ടു. അന്വേഷിക്കാമെന്നു മന്ത്രി ഉറപ്പും നല്കി.
പിന്നീട്, 2020 ഒക്ടോബർ 19ന് ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടു പ്രകാരം അന്വേഷണം വിജിലൻസിനു കൈമാറാൻ ശിപാർശ ചെയ്തു. ഒടുവിൽ കഴിഞ്ഞമാസം 12നാണു തട്ടിപ്പിന്റെ ഭീകരരൂപം മാധ്യമങ്ങളിലൂടെ പുറംലോകം അറിയുന്നത്.
തട്ടിപ്പ് പുറത്തുവന്നിട്ട് ഒരുമാസം; നാൾവഴി…
2021 ജൂലൈ 12
കരുവന്നൂർ സഹകരണ ബാങ്കിൽ 125 കോടിയുടെ വായ്പാ തട്ടിപ്പു നടന്നതായി സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തൽ പുറത്തുവരുന്നു. ബാങ്ക് അധികൃതരോടു രജിസ്ട്രാർ വിശദീകരണം തേടുന്നു.
ജൂലൈ 14
ബാങ്ക് സെക്രട്ടറിയടക്കം ആറു ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ബാങ്കിന്റെ ഇപ്പോഴത്തെ അസിസ്റ്റന്റ് സെക്രട്ടറി ശ്രീകല നൽകിയ പരാതിയിലാണു കേസ്.
ജൂലൈ 19
300 കോടിയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നും സിപിഎം ഉന്നത നേതാക്കൾക്കു ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ഇഡിക്കും ആദായനികുതി വകുപ്പിനും ബിജെപി നേതാക്കളുടെ പരാതി.
ജൂലൈ 20
കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. ബാങ്ക് രേഖകൾ പോലീസ് കസ്റ്റഡിയിലെടുത്തു.
ജൂലൈ 21
ചില പ്രതികൾ ഒളിവിൽ പോയതായും ഒരാൾ നാടുവിട്ടതായും സൂചന. കള്ളപ്പണം വെളുപ്പിച്ചതായി ഇഡിക്കു വിവരം. കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ജൂലൈ 22
ബാങ്ക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിൽ; ഭരണസമിതി പിരിച്ചു വിട്ടു. മുകുന്ദപുരം അസി.രജിസ്ട്രാർ എം.സി. അജിത്ത് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു.
ബാങ്കിൽനിന്നും വായ്പയെടുത്തിരുന്ന പൊറത്തിശേരി മുൻ പഞ്ചായത്തംഗം തളിയക്കാട്ടിൽ എം.കെ. മുകുന്ദൻ (59) ജീവനൊടുക്കി. നിക്ഷേപത്തുക തിരിച്ചു കിട്ടാൻ വൃദ്ധരടക്കം നിരവധി പേർ ഓഫീസുകൾക്കു മുന്നിൽ ബഹളം വയ്ക്കുന്നു.
ജൂലൈ 23
പ്രതിപക്ഷം നിയമസഭാ സമ്മേളനം ബഹിഷ്കരിക്കുന്നു. 107.34 കോടി ക്രമക്കേടു നടന്നെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ.
ജൂലൈ 24
കരുവന്നൂർ ചർച്ചയ്ക്കായി സിപിഎം അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം.
ജൂലൈ 25
നാലു പ്രതികൾ പിടിയിലായതായി സൂചന. പ്രതികളുടെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്.
ജൂലൈ 26
നിക്ഷേപങ്ങൾ പിൻവലിക്കാൻ എത്തിയവർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ബാങ്കിനു മുന്നിൽ സംഘർഷം. ദിവാകരൻ, സുനിൽകുമാർ, ബിജു കരീം, ജിൽസ് എന്നിവരെ സിപിഎം പുറത്താക്കി. മറ്റ് ഒന്പതു പേർക്കെതിരെ പാർട്ടി നടപടി.
ജൂലൈ 27
കരുവന്നൂർ ഹെഡ് ഒാഫീസിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്. ബാങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനെത്തി.
ജൂലൈ 28
ബാങ്കിൽനിന്നും സിപിഎം പ്രാദേശിക നേതാക്കൾ രേഖകൾ കടത്തിയതായി ആരോപണം. നിഷേധിച്ച് സിപിഎം നേതൃത്വം. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ മാറ്റി. മൂന്നംഗ അഡ്ഹോക്ക് സമിതിക്കു ഭരണച്ചുമതല.
ഓഗസ്റ്റ് 2
അഴിമതിക്കെതിരെ ഒറ്റയാൾ സമരം നടത്തിയ മാടായിക്കോണം മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാത്തിനെ പുറത്താക്കാൻ സിപിഎം ലോക്കൽ കമ്മിറ്റി തീരുമാനം.
ഓഗസ്റ്റ് 6
ക്രൈം ബ്രാഞ്ച് പ്രതികളുടെ ലുക്ക് ഒൗട്ട് നോട്ടീസ് ഇറക്കി.
ഓഗസ്റ്റ് 9
ഒന്നാം പ്രതിയും ബാങ്ക് മുൻ സെക്രട്ടറിയുമായ ടി.ആർ. സുനിൽകുമാറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു.
ഓഗസ്റ്റ് 10
മൂന്നു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളി. പ്രതി സുനിൽകുമാർ റിമാൻഡിൽ.
ഓഗസ്റ്റ് 11
വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു, 16 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, രണ്ടുപ്രതികൾ കൂടി അറസ്റ്റിലായി.