തിരുവനന്തപുരം: കരുവന്നൂരിൽ ബാങ്ക് തട്ടിപ്പ് പ്രശ്നത്തിൽ ഇടപെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഒരു സ്വകാര്യ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം നിക്ഷേപകർക്ക് തിരികെ നൽകാനുള്ള നീക്കം നടത്താൻ ഇഡിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
സിബിഐയും ഇഡിയും രാഷ്ട്രീയപ്രേരിതമായി പ്രവർത്തിക്കുന്നു എന്ന ആരോപണത്തിൽ അടിസ്ഥാനമില്ല. ഇഡിയെ ഞാൻ നിയന്ത്രിക്കുന്നില്ല. മുന്നൂറോളം സഹകരണ ബാങ്കുകൾ ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലുണ്ട്. ഒരുലക്ഷം കോടിയോളം രൂപ ബാങ്കുകൾ കൈകാര്യം ചെയ്യുന്നു.
ബാങ്കുകൾ ഭരിക്കുന്നവർ ഈ പണം ഉപയോഗിച്ച് വസ്തുവകകൾ വാങ്ങിക്കൂട്ടി.അഴിമതി തുടച്ച് നീക്കണമെങ്കിൽ ഇഡിയെ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അനുവദിക്കണം. ഇഡി കേസുകളിൽ രാഷ്ട്രീയക്കാരുമായി ബന്ധമുള്ളവ മൂന്നു ശതമാനം മാത്രമാണ്. യുപിഎ കാലത്തേക്കാൾ കാര്യക്ഷമമായി ഇഡി പ്രവർത്തിക്കുന്നുണ്ട്.
ഇതുപോലെ പിടിച്ചെടുത്ത 17,000 കോടി രൂപ രാജ്യത്താകമാനം ഞങ്ങൾ തിരികെ നൽകിയിട്ടുണ്ട്. എനിക്കിത് തെരഞ്ഞെടുപ്പ് വിഷയമല്ല, സധാരണ ജനങ്ങളുടെ ജീവിത പ്രശ്നമാണിത്- മോദി പറഞ്ഞു. അടുത്ത വർഷം മാർപ്പാപ്പ ഇന്ത്യയിലെ ത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധി മറ്റൊരു സീറ്റിൽ അദ്ദേഹം മത്സരിക്കുമെന്ന പ്രഖ്യാപനം ഏപ്രിൽ ഇരുപത്തിയാറിന് ശേഷം വരുമെന്നും മോദി പറഞ്ഞു.
കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യയിൽ നിന്നും ഓടി തെക്കേ ഇന്ത്യയിലെ വയനാട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. വയനാട്ടിലെ വോട്ടെടുപ്പ് കഴിയാനാണ് അദ്ദേഹം കാത്തിരിക്കുന്നത്.കോൺഗ്രസ് നേരത്തെ തന്നെ പരാജയം സമ്മതിച്ച് കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.