നൂറുകണക്കിന് ആളുകളുടെ ജീവിതം ഇരുട്ടിലാക്കിയ കരുവന്നൂര്‍ ബാങ്ക് അഴിമതിയുടെ ഇരകള്‍ ഇപ്പോഴും ദുരിതത്തിലാണ്.
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരിലൊരാളും 16 വയസ്സില്‍ പാര്‍ട്ടി പ്രവര്‍ത്തകനുമായ സഖാവ് ജോഷിയുടെ കത്താണ് ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.
”അടുത്തൊരു സ്ട്രോക്കില്‍ ഞാന്‍ ഇല്ലാതായാലും ഒരാളും പാര്‍ട്ടിയുടെ പേരുപറഞ്ഞ് വീട്ടില്‍ വരരുത്. എന്റെ കെട്ട്യോള് എന്നെ ചുവപ്പ് പുതപ്പിച്ചോളും. അതാണെനിക്കിഷ്ടം. രാപകല്‍ കഠിനാധ്വാനംചെയ്തതും കുടുംബസ്വത്ത് ഭാഗംവെച്ചപ്പോള്‍ കിട്ടിയതും നിക്ഷേപിച്ചത് എന്റെ പാര്‍ട്ടി ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലാണ്”.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 82 ലക്ഷം രൂപ നിക്ഷേപമുളള ജോഷി ആന്റണി ചികിത്സാവശ്യത്തിനായി ചോദിച്ചപ്പോള്‍ രണ്ടു ലക്ഷം മാത്രമാണ് ബാങ്ക് കൊടുത്തത്. ബാങ്കിന്റെ മാപ്രാണം ശാഖാ മനേജര്‍, അഡ്മിനിസ്ട്രേറ്റര്‍ എന്നിവര്‍ക്ക് വാസ്പ്പിലുടെ അയച്ച കത്തിലാണ് ഹൃദയഭേദകമായ ഈ വാക്കുകള്‍.
പണം തരാതിരിക്കാന്‍ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ സര്‍ക്കാര്‍ വക്കീലും, ബാങ്കിന്റെ വക്കീലും ചേര്‍ന്നാണ് ജോഷിയോട് യുദ്ധം ചെയ്യുന്നത്.
2002 നവംബര്‍ 29ന് ചൊവ്വൂരിലെ വാഹനാപകടത്തിലാണ് ജോഷി ആശുപത്രിയിലായത്. രാണ്ടാഴ്ചയോളം അബോധാവസ്ഥയിലായ 15 ശസ്ത്രക്രിയ, ഏഴരവര്‍ഷം ക്രെച്ചസ് ഉപയോഗം.
പിന്നീട് മനക്കരുത്തില്‍ പ്രതിസന്ധികളെ അതിജീവിച്ച് സിവില്‍ എന്‍ജിനിയറിങ് ഡ്രോയിങ് പഠിച്ചു നിര്‍മ്മാണമേഖലയില്‍ ഇറങ്ങി ഉണ്ടാക്കിയതാണ് ഈ സമ്പാദ്യം.
മസ്തിഷ്ക്കാഘാതത്തെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ഇടതുചെവിയുടെ ശേഷി നഷ്ടമായി.
ഒരു കണ്ണിന്റെ കാഴ്ച കുറഞ്ഞു. മുഖം കോടിപ്പോയി. സ്കാനിംഗിനിടെ കണ്ടെത്തിയ ട്യൂമര്‍ ഡിസ്ചാര്‍ജിന് ശേഷം വേണം മറ്റൊരാശുപത്രിയില്‍ പോയി നീക്കം ചെയ്യാന്‍.
പാര്‍ട്ടിക്കുവേണ്ടി മര്‍ദ്ദനങ്ങള്‍ സഹിച്ചിട്ടുണ്ട്. കേസുകളുമുണ്ട്. പാര്‍ട്ടിയെയും ബാങ്കിനെയും വിശ്വസിച്ചതാണ് തന്റെ തെറ്റെന്ന് ജോഷി ആന്റണി പറയുന്നു.
തന്റെ കാര്യം പിണറായി വിജയന്റേയോ കെ. രാധാകൃഷ്ണന്റേയോ ശ്രദ്ധയില്‍പ്പെടുത്തണമെന്നും കത്തില്‍ ജോഷി ആവശ്യപ്പെട്ടിട്ടുണ്ട്.