കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ 10.30 ഓടെയാണ് വര്‍ഗീസ് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി ഇഡി നേരത്തെ നല്കിയ നോട്ടീസുകളില്ന്മേല് ഹാജരാകാതിരുന്ന വര്‍ഗീസ് ഇന്ന് ഇഡിക്ക് മുന്നിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കരുവന്നൂരിലെ സിപിഎം ബാങ്ക് അക്കൗണ്ടുകളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍. ജില്ലയിലെ സിപിഎമ്മിന്റെ വരവ് ചെലവ് കണക്കുകള്‍ക്കൊപ്പം ആസ്ഥി വിവരങ്ങളും ബാങ്ക് രേഖകളും ഹാജരാക്കാന്‍ വര്‍ഗീസിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ പലതവണ അക്കൗണ്ട് വിവരങ്ങളടക്കം വര്‍ഗീസിനോട് ഇഡി തേടിയെങ്കിലും ഹാജരാക്കാന്‍ തയാറായിരുന്നില്ല. സിപിഎം ജില്ലാ സെക്രട്ടറി അറിഞ്ഞാണ് ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള പണമിടപാട് നടന്നിട്ടുള്ളതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് ബിനാമി വായ്പകള്‍ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോയെന്നും ഇഡി അന്വേഷിക്കുന്നുണ്ട്.
കേസില്‍ മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ. ബിജുവിനെയും ഇഡി അടുത്തിടെ ചോദ്യം ചെയ്തിരുന്നു. കരുവന്നൂരില്‍ രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഒപ്പം തൃശൂരിലെ മറ്റു ചില ബാങ്കുകളിലും അക്കൗണ്ടുകളുണ്ടെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്.
അതേസമയം, അറസ്റ്റിനെ താന്‍ ഭയപ്പെടുന്നില്ലെന്ന് എം.എം. വര്‍ഗീസ് മാധ്യമങ്ങളോടു പറഞ്ഞു. ഇഡി വിളിച്ചതുകൊണ്ട് വന്നു. എന്തിന് വിളിച്ചെന്ന് ഇഡിയോട് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.