കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് പി.ആർ. അരവിന്ദാക്ഷൻ തന്റെ അമ്മയുടെ പേരിൽ 63 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് സമ്മതിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
90 വയസുള്ള അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിൽ 63 ലക്ഷത്തിൻ്റെ നിക്ഷേപമാണുള്ളത്. കളളപ്പണ ഇടപാട് നടന്ന അതേ സമയങ്ങളിലാണ് ഈ പണം അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുള്ളത്.
പെരിങ്ങണ്ടൂർ സഹകരണ ബാങ്കിൽ നടത്തിയ നിക്ഷേപത്തെ സംബന്ധിച്ചും അരവിന്ദാക്ഷൻ സമ്മതിച്ചതായി ഇ ഡി വ്യക്തമാക്കി.
അരവിന്ദാക്ഷനെയും സി.കെ. ജിൽസിനെയും വീണ്ടും ചോദ്യംചെയ്യാൻ കസ്റ്റഡി വേണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് ഇ ഡി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ മാസം ഒമ്പത് മുതൽ രണ്ടു ദിവസത്തേക്ക് അരവിന്ദാക്ഷനെയും ജിൽസിനേയും കസ്റ്റഡിയിൽ വിടണമെന്നാണ് ഇ ഡിയുടെ ആവശ്യം. അപേക്ഷ കോടതി നാളെ പരിഗണിക്കും.
കരുവന്നൂർ ബാങ്കിൽ നടന്നത് സംഘടിതമായ കുറ്റകൃത്യമാണ്. ഉന്നത നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുളളവർക്കും ഇതിൽ പങ്കുണ്ട്. കേസിന്റെ വ്യാപ്തി കണക്കിലെടുക്കകയാണെങ്കിൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വരുമെന്നും ഇ ഡി വ്യക്തമാക്കി.