തൃശൂർ: സിപിഎമ്മിന്റെ ചങ്കിടിപ്പേറ്റി കരുവന്നൂരിൽ മാപ്പുസാക്ഷികൾ. കരുവന്നൂർ സർവീസ് സഹകരണബാങ്കിലെ വായ്പാതട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ സെക്രട്ടറി ടി.ആർ.സുനിൽകുമാർ, മുൻ മാനേജർ ബിജു കരീം എന്നിവരാണ് കേസിൽ മാപ്പുസാക്ഷികളാകുക.
ഇരുവരേയും മാപ്പുസാക്ഷിയാക്കാൻ അന്വേഷണസംഘം സമർപിച്ചഅപേക്ഷ വിചാരണകോടതി അനുവദിച്ചതോടെയാണ് സുനിൽകുമാറും ബിജുകരീമും മാപ്പുസാക്ഷികളാക്കിയത്.ഇവരുടെ രഹസ്യമൊഴിയിൽ സിപിഎം നേതൃത്വത്തിന് തിരിച്ചടിയാകുന്ന പലകാര്യങ്ങളുമുണ്ടെന്നാണ് അഭ്യൂഹം.
രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മജിസ്ട്രേറ്റിനു മുന്പാകെ രേഖപ്പെടുത്തിയിരുന്നു. ഇതാണ് സിപിഎമ്മിന്റെ ചങ്കിടിപ്പു കൂട്ടുന്നത്. കൂടുതൽ സിപിഎം നേതാക്കളിലേക്ക് ഇഡി അന്വേഷണം ഇനിയും നീളുമോ എന്ന സംശയമാണ് പാർട്ടിപ്രവർത്തകർക്കുള്ളത്.
കരുവന്നൂരിലെ കോടികളുടെ തട്ടിപ്പിനെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്ന രണ്ടുപേരാണ് ഇപ്പോൾ മാപ്പുസാക്ഷികളായിരിക്കുന്നത്.
കേസിലെ 55 പ്രതികളിൽ 33, 34 പ്രതികളാണ് സുനിൽകുമാറും ബിജു കരീമും. കരുവന്നൂരിലെ തട്ടിപ്പിന്റെ മുഴുവൻ കാര്യങ്ങളും ഈ രണ്ടുപേർക്കുമറിയാമെന്നതിനാൽ മാപ്പുസാക്ഷികളാക്കിയ സ്ഥിതിക്ക് ഇവർ എന്തെല്ലാം വെളിപ്പടുത്തുമെന്നതാണ് സിപിഎമ്മിനെ ആശങ്കയിലാഴ്ത്തുന്നത്.
വരും ദിവസങ്ങളിൽ ഇഡി അന്വേഷണം വീണ്ടും തൃശൂരിൽ ശക്തമാകുമെന്നാണ് സൂചന. ഉന്നതരായ പല നേതാക്കളിലേയും പുതുവർഷത്തിൽ ഇഡി ചോദ്യം ചെയ്യലിന് വിളിക്കുമെന്നും സിപിഎം നേതൃത്വത്തിന് ഭയമുണ്ട്.