കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇന്നലെ കെ. രാധാകൃഷ്ണന് എംപിയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തില്‍നിന്ന് നിര്‍ണായകമൊഴി ലഭിച്ചതായാണ് വിവരം. കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെ കുറിച്ച് അറിയില്ലെന്ന് കെ. രാധാകൃഷ്ണന് നല്കിയ മൊഴിയില്‍ പറയുന്നു.
ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡിനപ്പുറം പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് അറിയില്ല. ബിനാമി വായ്പകള്‍ അനുവദിക്കാന്‍ സംവിധാനം ഉള്ളതായി അറിയില്ല. പാര്‍ട്ടിക്ക് പാര്‍ലമെന്ററി കമ്മിറ്റിയും സബ് കമ്മിറ്റിയും ഉണ്ടായിരുന്നതായും അറിയില്ല. ജില്ലാ കമ്മിറ്റിയുടെ അറിവോടെയായിരുന്നു തട്ടിപ്പെന്ന ആരോപണം തെറ്റെന്നും അദ്ദേഹം നല്കിയ മൊഴിയിലുണ്ട്.
ആരോപണം ഉന്നയിച്ച സി.കെ. ചന്ദ്രന് കാര്യമായ ചുമതല നല്‍കിയിരുന്നില്ല. സി.കെ. ചന്ദ്രന് അസുഖബാധിതനായതിനാലാണ് ചുമതല നല്‍കാതിരുന്നത്. ജില്ലാ കമ്മിറ്റിക്ക് കരുവന്നൂര്‍ ബാങ്കില്‍ അക്കൗണ്ടുകള്‍ ഇല്ലെന്നും കെ. രാധാകൃഷ്ണന് നല്കിയ മൊഴി വ്യക്തമാക്കുന്നു. രാധാകൃഷ്ണനെ വീണ്ടും വിളിച്ചു വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ മൂന്നാം വട്ടവും നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് കെ. രാധാകൃഷ്ണന് ഇഡിക്ക് മുന്നില്‍ ഹാജരായത്. കൊച്ചി ഇഡി ഓഫീസില്‍ അഭിഭാഷകന് ഒപ്പമാണ് എത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇഡി ആവശ്യപ്പെട്ട രേഖകള്‍ രാധാകൃഷ്ണന് നേരത്തെ നല്‍കിയിരുന്നു.
മുന്‍പ് രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാധാകൃഷ്ണന് ഹാജരായിരുന്നില്ല. കെ. രാധാകൃഷ്ണന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇ ഡി പരിശോധിച്ചത്. കരുവന്നൂര്‍ ബാങ്കുമായുളള സിപിഎം ബന്ധം, സിപിഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളാണ് കെ. രാധാകൃഷ്ണനോട് ചോദിച്ചറിഞ്ഞത്.