തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പിലെ പണം സിപിഎം നിയമസഭ തെരഞ്ഞെടുപ്പില്‍ വിനിയോഗിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. മന്ത്രി ആര്. ബിന്ദു മത്സരിച്ച ഇരിങ്ങാലക്കുടയിലാണ് പണം വിനിയോഗിച്ചത്.
തട്ടിപ്പിനെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും മുന്‍മന്ത്രി എ.സി. മൊയ്തീനും അറിവുണ്ടായിരുന്നതാണെന്നും സുരേന്ദ്രന് ആരോപിച്ചു.സിപിഎമ്മിന്റെ കള്ളപ്പണമാണ് സംസ്ഥാനത്തെ സഹകരണ ബാങ്കിലുള്ളത്. കരുവന്നൂരില്‍ മാത്രമല്ല, സംസ്ഥാനത്തെ 106 സഹകരണ ബാങ്കുകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്.
കരുവന്നൂരിലെ തട്ടിപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം നേതാക്കളെ രക്ഷിക്കാന്‍ വേണ്ടിയാണ്. മുതിര്‍ന്ന നേതാക്കളുടെ അറിവോടെ നടത്തിയ തട്ടിപ്പിനെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം.
പണം തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. അതേസമയം, ബിജെപി നേതാക്കള്‍ക്കെതിരേ ആരോപണമുള്ള കൊടകര കുഴല്‍പ്പണ കേസിലെ കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെയാണെന്നു സുരേന്ദ്രന് പരിഹസിച്ചു.
സിപിഎമ്മിന്റെ രാഷ്ട്രീയ പ്രമേയമാണ് കുറ്റപത്രമായി തയാറാക്കിയിരിക്കുന്നത്. ഇത് കോടതിയിലെത്തിയാല്‍ നിലനില്‍ക്കുമെന്നു തോന്നുന്നില്ലെന്നും ചോദ്യത്തിനു മറുപടിയായി സുരേന്ദ്രന് പറഞ്ഞു.