തൃശൂർ: കരുവന്നൂർ വായ്പാ തട്ടിപ്പു കേസിൽ പ്രതികളായ സിപിഎം അംഗങ്ങൾക്കെതിരായ നടപടി നാളെ ചേരുന്ന അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. സംസ്ഥാന പ്രതിനിനിധിയുടെ സാന്നിധ്യത്തിലാണ് നാളെ യോഗം ചേരുന്നത്.
സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് അടിയന്തര യോഗം. ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും അടക്കം ആറു പേരിൽനിന്ന് നേരത്തേ പാർട്ടി വിശദീകരണം തേടിയിരുന്നു.
കേസിൽ മൂന്നു സിപിഎം അംഗങ്ങൾ മുഖ്യപ്രതികളാണ്. ഇവരിൽ രണ്ടുപേർ പാർട്ടിയുടെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമാണ്. പ്രതികൾ ഒളിവിലാണ്. ഒരാൾ വിദേശത്തേക്കു കടന്നതായും സംശയിക്കുന്നു.