ഇരിങ്ങാലക്കുട: കോടികളുടെ വെട്ടിപ്പ് നടന്ന കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപങ്ങൾ പിൻവലിക്കാൻ എത്തിയവർ തമ്മിലുള്ള തർക്കത്തെതുടർന്ന് സംഘർഷം.
പണം പിൻവലിക്കുന്നതിന് ഞായറാഴ്ച വൈകീട്ടും രാത്രിയിലുമായി ടോക്കണ്‍ നേടിയവരും ഇതറിയാതെ ഇന്നലെ രാവിലെ തന്നെ ബാങ്കിനു മുന്നിൽ എത്തിയവരും തമ്മിലാണു തർക്കം ഉടലെടുത്തത്. അടുത്ത ആഴ്ചയ്ക്കുള്ള ടോക്കണായി വന്നവരും വരിയിലുണ്ടായിരുന്നു.
ഒരു ദിവസം 150 ടോക്കണാണ് അനുവദിക്കുന്നത്. ഒരു ടോക്കണ്‍ നേടിയവർക്കു 10,000 രൂപ പിൻവലിക്കാം.കഴിഞ്ഞ ദിവസം ടോക്കണ്‍ നേടിയവരെ പരിഗണിക്കാനായി ടോക്കണ്‍ വിതരണം അവസാനിച്ചതായി ബാങ്ക് അധികൃതർ നോട്ടീസ് ഇട്ടതോടെ രാവിലെ വന്നവർ ക്ഷുഭിതരാവുകയായിരുന്നു.
തർക്കം പരിഹരിക്കാനും സംഘർഷം ഒഴിവാക്കാനുള്ള ശ്രമങ്ങൾ പോലീസ് നടത്തി. നിക്ഷേപകർ തമ്മിലുള്ള തർക്കങ്ങൾ രമ്യമായി പരിഹരിച്ചില്ലെങ്കിൽ ബാങ്ക് അടച്ചിടേണ്ടിവരുമെന്നും ആർക്കും പണം ലഭിക്കാത്ത സാഹചര്യം ഉടലെടുക്കുമെന്നും പോലീസ് നിക്ഷേപകരുടെ ശ്രദ്ധയിൽപ്പെടുത്തി.
അടുത്ത ആഴ്ചത്തേക്കുള്ള ടോക്കണിനായി വരിയിൽ നില്ക്കുന്നവരോടു പിരിഞ്ഞുപോകാൻ പോലീസ് അഭ്യർഥിക്കുകയായിരുന്നു.കൈക്കുഞ്ഞുമായി നിക്ഷേപം പിൻവലിക്കാനെത്തിവരും പൊരിവെയിലത്തു നിൽക്കുകയായിരുന്നു. കുട്ടികളും പ്രായമായവരും വരിയിലുണ്ടായിരുന്നു. 150 ടോക്കണുവേണ്ടി എത്തിയത് ആയിരത്തോളം പേരാണ്.
ബാങ്കിൽനിന്നു പണം പിൻവലിക്കാൻ നിക്ഷേപകർക്കു നൽകുന്ന ടോക്കണ്‍ വാങ്ങാൻ ഞായറാഴ്ച വൈകീട്ട് ഏഴോടെ നിക്ഷേപകർ ബാങ്കിനു മുന്പിലെത്തിയിരുന്നു. തിങ്കളാഴ്ച മാത്രമാണു പണം പിൻവലിക്കാനുള്ള ടോക്കണ്‍ നൽകുന്നത്. ഒരു അക്കൗണ്ടിൽനിന്ന് ആഴ്ചയിൽ ഒരുദിവസം മാത്രമേ പണം പിൻവലിക്കാൻ കഴിയൂ.