ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ പരസ്യമായി പ്രതീകരിച്ച സിപിഎം അംഗത്വത്തെ പുറത്താക്കിയതും വിവാദമായതോടെ സിപിഎം വീണ്ടും പ്രതിരോധത്തിൽ.
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ മൗനസമ്മതം പുറത്തയതോടെ കൂടുതൽ നടപടികളുടെ ഭാഗമായാണ് മുൻ ബ്രാഞ്ച് സെക്രട്ടറി കെ.കെ. സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിന്റെ പേരിലാണ് സുജേഷിനെ പുറത്താക്കിയത്.
എന്നാൽ ബാങ്കിലെ പണം തട്ടിപ്പിനെകുറിച്ച് നേരത്തെ പരാതി നൽകിയ സുജേഷിനെ പുറത്താക്കിയതോടെ തട്ടിപ്പിനു കൂട്ടുനിന്നവരെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ ന്യായീകരണത്തിനെതിരെ കോൺഗ്രസും ബിജെപിയും തട്ടിപ്പിനിരയായവരും രംഗത്തുവന്നുകഴിഞ്ഞു. സോഷ്യൽ മീഡിയകളിൽ ഇതുസംബന്ധിച്ച് ചർച്ചകളും പുരോഗമിക്കുകയാണ്.
ഇന്നലെയാണ് കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതികൾക്കെതിരെ “ഒറ്റയാൾ സമരം’ നടത്തിയ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കെ.കെ. സുജേഷ് കണ്ണാട്ടിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയത്.സിപിഎം പൊറത്തിശേരി സൗത്ത് ലോക്കൽ കമ്മിറ്റിയാണ് സുജേഷിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്.
പാർട്ടി ഘടകങ്ങളിൽ വർഷങ്ങൾ മുന്പുതന്നെ കരുവന്നൂർ ബാങ്ക് അഴിമതിക്കെതിരേ പ്രതികരിച്ച വ്യക്തിയായിരുന്നു സുജേഷ്. കരുവന്നൂർ ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ ഉൾപ്പെടുന്ന ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ലാ നേതാക്കളെ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് സുജേഷ് വിവരം ധരിപ്പിച്ചിരുന്നു.
എന്നാൽ ഒരു നടപടിയും സിപിഎം സ്വീകരിച്ചില്ല.പാർട്ടിയുടെ ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ഡിവൈഎഫ്ഐ മാപ്രാണം മേഖലാ സെക്രട്ടറി കെ.ഡി. യദു തുടങ്ങിയവരുടെ പേരിലുള്ള ലക്ഷങ്ങളുടെ വായ്പകളെക്കുറിച്ച് സുജേഷ് ഈയിടെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതും സുജേഷിനെതിരെയുള്ള നടപടി വേഗത്തിലാക്കി.
അതേസമയം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണു പുറത്താക്കാൻ ലോക്കൽ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്നും ഏരിയ കമ്മിറ്റിയാണ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടതെന്നും പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു.വിശദീകരണം പോലും തേടേണ്ടതില്ലെന്ന തീരുമാനത്തോടെയുള്ള പാർട്ടി നടപടി ഏറെ നിരാശാജനകമെന്ന് സുജേഷ് പ്രതികരിച്ചു.