ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രധാന സൂത്രധാരൻ ബാങ്കിലെ കമ്മിഷൻ ഏജന്റായിരുന്ന പെരിഞ്ഞനം സ്വദേശി പള്ളത്ത് വീട്ടിൽ കിരണ്‍ എവിടെയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഉടൻ പിടിയിലാകുമെന്നും അന്വേഷണം ഉൗർജിതമാണെന്നുമാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.
മറ്റു പ്രതികളെല്ലാം കീഴടങ്ങിയിട്ടും കിരണ്‍ എവിടെയെന്നത് അജ്ഞാതമായി തുടരുന്നതിൽ ഏറെ ദുരൂഹതകളുണ്ട്. ക്രൈംബ്രാഞ്ച് ലുക്ക്ഒൗട്ട് നോട്ടീസ് പുറത്തിറക്കി ഒരു മാസമായിട്ടും കിരണിനെ കണ്ടെത്താനായില്ല. രണ്ടുവർഷമായി നാട്ടിലില്ലെന്നും വിദേശത്താണെന്നാണ് ആദ്യം പുറത്തുവന്നതെങ്കിലും രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് ഇപ്പോൾ അന്വേഷണസംഘം.
ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ സൂചനയൊന്നും ലഭിച്ചില്ല. ഇയാളെക്കുറിച്ച് കുടുതൽ വിവരങ്ങൾ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അറിയില്ല.
നാലുവർഷം മുന്‍പുവരെ പെരിഞ്ഞനത്ത് എമിഷൻ എന്ന പേരിൽ പ്രാദേശിക ചാനൽ നടത്തിയിരുന്നു. പാർട്ടി ബന്ധങ്ങൾ ഉപയോഗപ്പെടുത്തിയാണു കിരണ്‍ ബാങ്കിന്റെ കമ്മീഷൻ ഏജന്റായത്.ഒരു കോടിയുടെ വായ്പ തരപ്പെടുത്തിക്കൊടുക്കുന്നതിനു അഞ്ചു ശതമാനമാണ് കമ്മീഷൻ.
ബാങ്കിൽ മറ്റൊരാളുടെ പേരിൽ സി ക്ലാസ് അംഗത്വമെടുത്ത കിരണ്‍ പിന്നീട് തട്ടിപ്പിലേക്കു പ്രവേശിക്കുകയായിരുന്നു. ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥരുമായുണ്ടായിരുന്ന സൗഹൃദം ഇയാൾ മുതലെടുത്ത് തട്ടിപ്പ് നടത്തുകയായിരുന്നു. 2016-18 കാലയളവിലാണ് ബാങ്കിൽ നിന്നു തുക കിരണിന്റെ അക്കൗണ്ടിൽ എത്തിയിരിക്കുന്നത്.
2018-19 ലെ ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ടിലൂടെയാണു സംഭവം പുറത്തറിഞ്ഞത്. പെരിഞ്ഞനത്തെ പ്രാദേശിക ചാനൽ പൂട്ടിയശേഷം എടതിരിഞ്ഞിയിൽ മറ്റൊരു ചാനൽ തുടങ്ങുകയും ജില്ലാ തലത്തിൽ കേബിൾ നെറ്റ്വർക്ക് ആരംഭിക്കുകയും ചെയ്തു. എന്നാൽ മാസങ്ങൾക്കുള്ളിൽ അതും പൂട്ടി.
തന്റെ പേരിലും ബിനാമി പേരുകളിലുമായി 22.85 കോടി രൂപ കിരണ്‍ വായ്പയെടുത്തിട്ടുണ്ടെന്നാണു റിപ്പോർട്ട്.46 പേരുടെ ആധാരം ഈടു നൽകി എടുത്ത 22.85 കോടിവായ്പ തുക കിരണിന്റെ അക്കൗണ്ടിലേക്കാണു പോയത്. ബാങ്കിൽ കിരണിനു അംഗത്വമുണ്ടെന്നു തെളിയിക്കുന്ന ഒരു രേഖയും ഇതുവരെ അന്വേഷണസംഘത്തിനു കണ്ടെത്താനായിട്ടില്ല.
എന്നീട്ടും കിരണിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ഒരു വായ്പയും 45 ബിനാമി വായ്പകളുമുണ്ട്. ഇതിൽ പലതും 50 ലക്ഷം രൂപ വീതം എടുത്തവയാണ്. കിരണിന്റെ ബിസിനസ് പങ്കാളികളുടെയും ബന്ധുക്കളുടെയും പേരിലാണു പല വായ്പകളും. ഇവയ്ക്കൊന്നും കൃത്യമായ ഈടു രേഖകളില്ല.
ഓഡിറ്റിംഗിനിടെ പരിശോധനാ സംഘം കിരണിനോടു വിവരങ്ങൾ തേടിയിരുന്നെങ്കിലും ബിനാമി വായ്പകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായില്ല. എന്നാൽ ഇയാളുടെ ഇതര ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ കോടിക്കണക്കിനു രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.
മുഖ്യപ്രതികളുമായി ചേർന്നു ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ മുൻകൈ എടുത്തതും കിരണ്‍ തന്നെയാണ്. പരാതികൾ ഉയർന്ന ഘട്ടത്തിൽത്തന്നെ കിരണ്‍ നാടു വിടുകയായിരുന്നു.