തൃശൂർ: കുന്നംകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേള കഴിഞ്ഞ് താരങ്ങൾ ട്രാക്ക് വിട്ടതോടെ കരുവന്നൂർ കേസിന്റെ അന്വേഷണവുമായി ഇഡി വീണ്ടും ട്രാക്കിലേക്ക്. കരുവന്നൂർ ബാങ്ക് തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് കുന്നംകുളം എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ എ.സി. മൊയ്തീന് ഇഡി വീണ്ടും നോട്ടീസ് നൽകും.
സംസ്ഥാന സ്കൂൾ കായികമേള നടന്ന കുന്നംകുളത്തെ എംഎൽഎ ആയതിനാൽ കരുവന്നൂർ കേസിന്റെ അന്വേഷണത്തിൽനിന്ന് മേള കഴിയുംവരെ മൊയ്തീനെ ഇഡി ഒഴിവാക്കിയിരിക്കുകയായിരുന്നു.
സംസ്ഥാന സ്കൂൾ കായികയുടെ മുഖ്യ സംഘാടകനായിരുന്നു മൊയ്തീൻ. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് മൊയ്തീനെ ഇഡി നേരത്തെ കൊച്ചി ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. മൊയ്തീൻ നൽകിയ പല മറുപടികളും തൃപ്തികരമല്ലാത്തതിനാലും കൂടുതൽ വിശദീകരണം ആവശ്യമുള്ളതിനാലും കൂടുതൽ രേഖകൾ ഹാജരാക്കേണ്ടതിനാലും മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ഇഡി സൂചന നൽകിയിരുന്നു.
പി.ആർ. അരവിന്ദാക്ഷൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അതിനിടയിലാണ് സംസ്ഥാന സ്കൂൾ കായികമേള കുന്നംകുളത്ത് ആരംഭിച്ചത്. ഇതിന്റെ സംഘാടക തിരക്കുകളിലേക്ക് മൊയ്തീൻ നീങ്ങിയതോടെ മേള കഴിയും വരെ മൊയ്തീനെ ചോദ്യം ചെയ്യാനും മറ്റും വിളിപ്പിക്കേണ്ട എന്ന തീരുമാനത്തിൽ ഇഡി എത്തുകയായിരുന്നു.
സംസ്ഥാന സ്കൂൾ കായികമേള അവസാനിച്ച സാഹചര്യത്തിൽ കരുവന്നൂർ അന്വേഷണ ട്രാക്കിലേക്ക് ഇഡി മൊയ്തീനെയും കൂട്ടി വൈകാതെതന്നെ വീണ്ടുമിറങ്ങും.