കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുമായി നേരിട്ടും അല്ലാതെയും പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഹൈക്കോടതിയില്‍. പ്രതികളായ പി.ആര്. അരവിന്ദാക്ഷന്, പി. സതീഷ് കുമാര്‍, സി.കെ. ജില്‍സ് എന്നിവര്‍ക്ക് ജാമ്യം നല്‍കുന്നത് എതിര്‍ത്താണ് ഇഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ലക്ഷ്മണ് സുന്ദരേശന് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.
പ്രതികള്‍ ചെയ്തത് രാജ്യത്തിന് എതിരായ കുറ്റകൃത്യമാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കിരണ്‍, അരവിന്ദാക്ഷന്, സതീഷ് കുമാര്‍ എന്നിവരാണ് ഈ നിയമവിരുദ്ധ നടപടികളിലെ പ്രധാന ഇടപാടുകാര്‍.
ഇക്കാര്യങ്ങള്‍ക്കെല്ലാം ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുകളുണ്ട്. കൂട്ടുപ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള ഇഡി നിഗമനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് പ്രതികള്‍ക്ക്. എന്നാല്‍ ഇവര്‍ പ്രതികളാകും മുമ്പ് നല്‍കിയതാണ് ഈ മൊഴികളെന്ന് ഇഡി ചൂണ്ടിക്കാട്ടി.
പ്രതികള്‍ 25 കോടി കൈപ്പറ്റി; പണം നിയമപരമല്ല എന്നറിഞ്ഞ് തിരിമറി നടത്തി
മുഖ്യപ്രതി പി.പി. കിരണ്‍ മുഖേന ഇടനിലക്കാരനായ സതീഷ് കുമാര്‍ അനധികൃത വായ്പയായും മറ്റും 25 കോടി രൂപയെങ്കിലും തിരിമറി നടത്തി. വ്യാജ രേഖകളുടേയും മറ്റും ഈടിന്മേലാണ് ഈ തട്ടിപ്പുകള്‍ നടത്തിയത്. തന്റെ പക്കല്‍ എത്തിച്ചേര്‍ന്ന തുകയില്‍ 14 കോടിയോളം രൂപ സതീഷ് കുമാര്‍ കൂട്ടുപ്രതികള്‍ക്ക് കൈമാറിയിട്ടുണ്ട്.
നിയമപരമായി സമ്പാദിച്ച തുകയല്ലെന്ന പൂര്‍ണമായ അറിവോടെയാണ് മറ്റു പ്രതികള്‍ അത് കൈകാര്യം ചെയ്തത്. ഈ നടപടികള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കുറ്റകരമാണന്നും ഇഡി അറിയിച്ചു. മൊഴികള്‍ മാത്രമല്ല, ഇതിനെല്ലാം വ്യക്തമായ തെളിവുകളുണ്ടെന്നാണ് ഇഡിയുടെ വാദം. ബാങ്ക് അക്കൗണ്ട് രേഖകള്‍, വിചാരണ കോടതിയുടെ കണ്ടെത്തലുകള്‍, സാക്ഷി ജയരാജന്റെ കത്ത്, ബാങ്കിന്റെയും പ്രതികള്‍ക്ക് ബന്ധമുള്ള ധനകാര്യ സ്ഥാപനങ്ങളുടേയും ബാലന്‍സ് ഷീറ്റ്, ആദായനികുതി റിട്ടേണ്‍ തുടങ്ങിയവയെല്ലാം തെളിവുകളായുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ഇഡി ആവശ്യപ്പെടുകയുണ്ടായി. തുടര്‍ന്ന് ഹര്‍ജികള്‍ 29ന് പരിഗണിക്കാന്‍ മാറ്റി.