കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് സഹകരണ മേഖലയെ തച്ചുതകര്‍ക്കുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
കരുവന്നൂര്‍ ബാങ്കിലെ വായ്പ തട്ടിപ്പിന് ഉപയോഗിച്ച രേഖകള്‍ പ്രതികള്‍ സൂക്ഷിച്ചത് പ്രത്യേക ലോക്കറിലെന്ന് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ഭൂ ഉടമ വായ്പ എടുക്കാന്‍ സമര്‍പ്പിക്കുന്ന ആധാരം ഉടമ അറിയാതെ പല തവണ പണയപ്പെടുത്തി വായ്പ തട്ടിപ്പ് നടത്തുന്ന രീതിയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കണ്ടത്. 300 കോടിയിലേറെ രൂപ ഇപ്രകാരം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം.
അതിനിടെ, സി.പി.എം ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള മൂസ്പെറ്റ് ബാങ്കില്‍ നിക്ഷേപകര്‍ പണം കൂട്ടത്തോടെ പിന്‍വലിക്കുകയാണ്. ബാങ്കില്‍ വായ്പ ക്രമക്കേട് നടന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണിത്.
ഇന്നലെ മാത്രം 100 പേര് നിക്ഷേപം പിന്‍വലിച്ചു. ഇന്ന് രാവിലെ മുതല്‍ ബാങ്കിനു മുന്പില് നിക്ഷേപകരുടെ നീണ്ട ക്യൂവാണ്. പണം മടക്കി നല്‍കുന്നതിന് ടോക്കണ്‍ നല്‍കുകയാണ് നിക്ഷേപകര്‍ക്ക്. ടോക്കണില്‍ പറഞ്ഞിരിക്കുന്ന ദിവസമായിരിക്കും പണം നല്‍കുക.
അതിനിടെ, വൈക്കം വെള്ളൂര്‍, ഇടുക്കി കഞ്ഞിക്കുഴി, കൊല്ലം നെടുങ്ങോലം സഹകരണ ബാങ്കുകളില്‍ നിന്നും സമാനമായ തട്ടിപ്പ് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.