തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ നാലാം പ്രതി കിരണ്‍ ദേശസാത്കൃത ബാങ്കുകളെയും കബളിപ്പിച്ചതായി കണ്ടെത്തൽ. കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണു കിരണിന്റെ കൂടുതൽ തട്ടിപ്പു വിവരങ്ങൾ ലഭിച്ചിരിക്കുന്നത്.
ബിനാമി പേരുകളിലും വ്യാജ രേഖകൾ ഉപയോഗിച്ചും പരിഗണിക്കാൻ കഴിയാത്ത ഭൂമി കാണിച്ചുമെല്ലാം കോടിക്കണക്കിനു രൂപ വായ്പയെടുത്തതിന്റെ വിവരങ്ങളാണു ക്രൈം ബ്രാഞ്ചിനു ലഭിച്ചിരിക്കുന്നത്.
കരുവന്നൂർ ബാങ്കിലെ വെറും കമ്മീഷൻ ഏജന്റായ കിരണിന്റെ അക്കൗണ്ടിലേക്കു കോടികളുടെ ഇടപാടുകൾ നടന്നിരുന്നതായി നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് കൂടുതൽ തട്ടിപ്പുകൾ പുറത്തുവന്നിരിക്കുന്നത്.
കാനറ ബാങ്കിന്റെ ഇരിങ്ങാലക്കുട ശാഖയിൽ നിന്നും നാലു പേരുകളിലായി അഞ്ചു കോടി വായ്പയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിനായി ബാങ്കിനു നൽകിയ രേഖകളിലും അവ്യക്തതയുണ്ടെന്നാണു പറയുന്നത്.
ദേശസാത്കൃത ബാങ്കുകളിൽനിന്നടക്കം വായ്പ തരപ്പെടുത്തി നൽകാമെന്ന പേരിൽ പലരിൽ നിന്നായി പണം വാങ്ങി കബളിപ്പിച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് മാസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെയും കിരണിനെ പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല.
കാനറാ ബാങ്കിന്റെ ഇരിങ്ങാലക്കുട ബ്രാഞ്ചിൽ നിന്നും നാലു വായ്പകളിലായി അഞ്ചു കോടി എടുത്തതിനു പുറമെ കൊട്ടാരക്കര സ്വദേശി വിജയകുമാറിന് ബാങ്ക് വായ്പ നൽകാമെന്നു വിശ്വസിപ്പിച്ച് ആധാരം കൈക്കലാക്കി മൂന്നു കോടി വായ്പയെടുത്തു.
പരപ്പനങ്ങാടി സ്വദേശി മോഹനനിൽ നിന്ന് 57 ലക്ഷം തട്ടിയെടുത്തതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.കരുവന്നൂരിൽ വ്യാജരേഖകളും വ്യാജ പേരുകളിലുമായി കോടികളാണ് കിരണ്‍ കടത്തിയത്. പുതുക്കാട് രണ്ടു ബിനാമികളുടെ പേരിൽ കിരണ്‍ സ്ഥലം വാങ്ങിയതായി കണ്ടെത്തി.
പല ആളുകളുടെ പേരിലായി പിന്നീട് 50 ലക്ഷം വീതമുള്ള വായ്പകൾ ചതുപ്പ് നിറഞ്ഞ ഈ സ്ഥലം ഈടുവച്ച് കരുവന്നൂർ ബാങ്കിൽ നിന്നും ആറു കോടിയോളമാണു വായ്പയെടുത്തിട്ടുള്ളത്.മെന്പർഷിപ്പിനായി വാങ്ങുന്ന രേഖകളും വ്യാജ ഒപ്പും ഉപയോഗിച്ചാണ് വായ്പകളെടുത്തിരുന്നത്.
2016 ൽ രജിസ്റ്റർ ചെയ്ത് വാങ്ങിയ പുതുക്കാട്ടെ അഞ്ച് ഏക്കർ ഭൂമിയിൽ സമീപകാലത്തൊന്നും കൃഷി ഇറക്കിയിട്ടില്ല. മാത്രവുമല്ല, ഡാറ്റാബാങ്കിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ നിലംനികത്തി നിർമാണം നടത്താനും കഴിയില്ല.
ആരും വാങ്ങാതെയും നിയമതടസങ്ങളുടെയും പേരിലുള്ള ഭൂമിക ൾ കുറഞ്ഞ വിലയ്ക്കു വാങ്ങി കോടികൾ മതിപ്പുവിലയിട്ട് കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നതാണ് കിരണ്‍ അടക്കമുള്ള സംഘത്തിന്റെ പതിവ്.
കേസിലെ പ്രതികളായ മുൻ ബാങ്ക് ജീവനക്കാരുടെ സഹായമില്ലാതെ തട്ടിപ്പു നടക്കാനാവില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയംഗങ്ങളുൾപ്പെടെ കേസിൽ അറസ്റ്റിലായിരുന്നു.