ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് ലഭിച്ച പൊറത്തിശേരി പഞ്ചായത്ത് മുൻ അംഗം മരിച്ചനിലയിൽ.വായ്പ ഇനത്തിൽ ഏതാണ്ട് 80 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഉണ്ടായിരുന്ന തേലപ്പിള്ളി സ്വദേശി എം. കെ. മുകുന്ദൻ (59) ആണ് ജീവനൊടുക്കിയത്.
വായ്പ തിരിച്ചടയ്ക്കണമെന്നു കാണിച്ചു കഴിഞ്ഞ ദിവസം ഇദ്ദേഹത്തിനു ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ലോക്ക്ഡൗൺ സമയത്ത് ജപ്തിനോട്ടീസ് അയച്ചതും വിവാദമായിട്ടുണ്ട്. ഇദ്ദേഹത്തെ ഇന്നു രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
16 സെന്റ് സ്ഥലവും വീടും പണയപ്പെടുത്തിയാണ് വായ്പ എടുത്തിരുന്നത്. വായ്പത്തുക എത്രയാണെന്ന് വെളിപ്പെടുത്താൻ ബന്ധുക്കൾ തയാറായില്ല. തിരിച്ചടയ്ക്കാനുള്ള തുക ഏതാണ്ട് 80 ലക്ഷമാണെന്നു സൂചനയുണ്ട്.
തിരിച്ചടവിനു നോട്ടീസ് ലഭിച്ചതോടെ ഇദ്ദേഹം മനോവിഷമത്തിലായിരുന്നുവെന്നു പറയുന്നു.ബാങ്കിലെ വായ്പ- നിക്ഷേപ തട്ടിപ്പുകേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി ഡിജിപി അനിൽ കാന്ത് ഉത്തരവിട്ടിരുന്നു.
പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങാനാണ് നിർദേശം. ബാങ്ക് കേന്ദ്രീകരിച്ച് കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റിനു വിവരം ലഭിച്ചു.
ഇഡിയും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വായ്പയെടുത്തയാളുടെ ആത്മഹത്യ.
സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാർ സംസ്ഥാന സഹകരണ രജിസ്ട്രാർക്കു നൽകിയ രഹസ്യ റിപ്പോർട്ടിൽ ബാങ്കിൽ നടന്ന കോടികളുടെ വെട്ടിപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ പുറത്തുവന്ന 100 കോടി എന്ന കണക്കിൽ തട്ടിപ്പിന്റെ വ്യാപ്തി ഒതുങ്ങില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട പ്രതികളെല്ലാം ഒളിവിലാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവരുടെ ബിനാമികൾ എന്ന സംശയിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും നീരീക്ഷണത്തിലാണ്.
ഏതാണ്ട് ആറു വർഷത്തോളം നീണ്ട വൻ തട്ടിപ്പ് പിടിക്കപ്പെടാത്തത്തിനു പിന്നിൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന ആരോപണം ശക്തമാണ്.
വായ്പാ തുക 20 ലക്ഷമെന്ന്സൂചന, തട്ടിപ്പിന്ഇരയായെന്നും സംശയം
ഇരിങ്ങാലക്കുട: കടക്കെണിയിൽ കുടുങ്ങി ആത്മഹത്യചെയ്ത എം.കെ. മുകുന്ദൻ കരുവന്നൂർ സഹകരണബാങ്കിൽനിന്ന് എടുത്ത വായ്പ 20 ലക്ഷം രൂപയാണെന്നു സൂചന.
തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് ബാങ്ക് അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ നിരന്തരം സമ്മർദം ചെലുത്തിയിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഭീഷണിയുമുണ്ടായി.
എണ്പതു ലക്ഷത്തിലേറെ രൂപയാണ് മുകുന്ദൻ തിരിച്ചടയ്ക്കാൻ ഉള്ളതെന്ന് ബാങ്ക് അധികൃതർ പറയുന്നു. പലിശ ഇനത്തിൽ എങ്ങനെ ഇത്രവലിയ തുകയാവും എന്നാണ് സംശയം.
മുകുന്ദന്റെ വസ്തു ഈടിന്മേൽ മറ്റു പല വായ്പകളും എടുത്തതായാണ് സംശയമുയരുന്നത്. ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ടു പോയ സാഹചര്യത്തിലാണ് മുകുന്ദന്റെ ആത്മഹത്യ.
പൊറത്തിശേരി തളിയക്കാട്ട് വീട്ടിൽ മുകുന്ദൻ മുൻ പഞ്ചായത്ത് അംഗവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കോണ്ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് എക്സിക്യുട്ടീവ് അംഗവുമാണ്. ഭാര്യ: പ്രഭാവതി. മക്കൾ: ദീപ്തി, ധീരജ്. മരുമകൻ: അഭിലാഷ്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.