ഇരിങ്ങാലക്കുട: “ഞാന്‍ വിശ്വസിച്ച, എന്നെ വളര്‍ത്തിയ പ്രസ്ഥാനം ഇതായിരുന്നില്ല, ഇനി ഒന്നിനുമില്ല, അഴിമതികളും ക്രമക്കേടും കണ്ട് മനംമടുത്തു’. സിപിഎംകാരനായ കരുവന്നൂര്‍ ബാങ്കിലെ മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തലാണിത്.
ഒരേ ആധാരം തന്നെ വീണ്ടും വീണ്ടും മുന്നിലെത്താന്‍ തുടങ്ങിയപ്പോഴാണു ശ്രദ്ധിച്ചു നോക്കിയത്. ഈ ആധാരത്തിന്റെ യഥാര്‍ഥ ഭൂവുടമയെ എനിക്കറിയാം. ഈ ഭൂമിയുടെ ആധാരം വച്ച് 12 പേരാണു കരുവന്നൂര്‍ ബാങ്കില്‍ നിന്നും ലോണെടുത്തത്.
ഇത് സഹപ്രവര്‍ത്തകരോടു പറഞ്ഞപ്പോള്‍ “എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത്. നമുക്ക് സ്വന്തം കാര്യങ്ങള്‍ നോക്കിയാല്‍ പോരേ’ എന്നായിരുന്നു മറുചോദ്യം. അ ദ്ദേഹം വേദനകലർന്ന സ്വരത്തി ൽ നിരാശയോടെ പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഇരിങ്ങാലക്കുട മേഖലയില്‍ സിപിഎമ്മിനു കനത്ത പ്രഹരമാണ് ഏല്പിച്ചത്. പലരും ഇതിനകം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ തീരുമാനമെടുത്തു കഴിഞ്ഞു.
വിഷയത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസും ബിജെപിയുമാണ്. ബാങ്ക് വായ്പാ തട്ടിപ്പില്‍ പ്രാദേശിക സിപിഎം നേതാക്കള്‍ക്കു പങ്കുണ്ടെന്നു വ്യക്തമായതോടെ സംഗതി കൂടുതല്‍ രൂക്ഷമാവുകയായിരുന്നു.
ബാങ്കില്‍ ക്രമകേടുകള്‍ നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസും ബിജപിയും മുമ്പേ ആരോപണം ഉന്നയിച്ചിരുന്നു. ഈ സമയങ്ങളില്‍ ബാങ്ക് ഭരണസമിതിയോ സിപിഎം നേതൃത്വമോ വിഷയത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയില്ല.
ഒന്നര വര്‍ഷം മുമ്പ് തട്ടിപ്പിന്റെ വിവരം പാര്‍ട്ടി വേദിയില്‍ അറിവായിട്ടും യാതൊരുവിധ തിരുത്തലുകള്‍ക്കും തയാറാകാതെ പാര്‍ട്ടി നേതൃത്വം പെരുമാറിയെന്നാണ് ആക്ഷേപം.
തട്ടിപ്പിനു നേതൃത്വം നല്കിയ ബാങ്ക് സെക്രട്ടറിയും മാനേജരും അക്കൗണ്ടന്റും കമ്മീഷന് ഏജന്റുമെല്ലാം സിപിഎമ്മിനു വേണ്ടപ്പെട്ടവരായതായിരുന്നു ഇതിനു കാരണം.
പാർ ട്ടി നടപടി നേരിട്ടവരെല്ലാം പാർട്ടി യുടെ ജില്ലാ ഏരിയ കമ്മിറ്റിയിൽ വൻ സ്വാധീനമുള്ളവരായിരുന്നു.