തൃശൂർ: ഇടതുപക്ഷ സഹയാത്രികനായിട്ടുപോലും കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് നേരിട്ട ദുരനുഭവങ്ങൾ വിവരിച്ച് അജ്ഞാതൻ എഴുതിയ കത്ത് പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയാകുന്നു.
ഞായറാഴ്ച തൃശൂരിൽ നടന്ന കോൺഗ്രസിന്റെ സമരാഗ്നി ജനകീയ ചർച്ചാ സദസിലാണ് ഇടതുപക്ഷ സഹയാത്രികനായിരുന്ന, റിട്ട. സർക്കാർ ജീവനക്കാരനായ ഒരു അജ്ഞാതൻ തന്റെ കരുവന്നൂർ നിക്ഷേപ ദുരിതകഥ പുറംലോകത്തെ അറിയിച്ചത്.
ഭീതിയുടെ നിഴലിൽനിന്നാണ് താൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത് എന്നാണ് അജ്ഞാത നിക്ഷേപകന്റെ കത്തിൽ പറയുന്നത്.
ജീവിതകാലം മുഴുവൻ സമ്പാദിച്ചത് കരുവന്നൂരിൽ നിക്ഷേപിച്ചെന്നും തട്ടിപ്പ് പുറത്തുവന്നപ്പോൾ ബാങ്കിൽനിന്ന് പണം പിൻവലിക്കാൻ ശ്രമം നടത്തിയെന്നും അന്നുമുതൽ താൻ ഇടതുപക്ഷക്കാരുടെ ശത്രുവായി മാറിയെന്നും ഇയാൾ പറയുന്നു.
പണം പിൻവലിക്കാൻ വീണ്ടും ശ്രമിച്ചപ്പോൾ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ വീട്ടിലെത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നും കത്തിൽ പറയുന്നു.
പ്രസ്ഥാനത്തെ മോശമായി ചിത്രീകരിക്കാൻ നിങ്ങൾ ശ്രമിച്ചാൽ ഞങ്ങൾക്ക് വെറുതെയിരിക്കാൻ കഴിയില്ലെന്നായിരുന്നുവത്രേ ഭീഷണി. ഈ കത്ത് പുറത്ത് വന്നതോടെ കരുവന്നൂരിൽ പെട്ടു കിടക്കുന്ന നിരവധി പാർട്ടി പ്രവർത്തകർക്ക് ശബ്ദിക്കാനും സത്യം വിളിച്ചു പറയാനും ഇത് പ്രേരണയാവുകയാണ്.