തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് ഇഡി നോട്ടീസ് ലഭിച്ച കെ. രാധാകൃഷ്ണൻ എംപി. പാർലമെന്റ് സമ്മേളനം കഴിയും വരെ ഹാജരാകാൻ സാധിക്കില്ലെന്ന് ഇഡിയെ അറിയിച്ചിരുന്നതായും സമൻസിൽ ഏതു കേസാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സ്വത്ത് സന്പാദനം സംബന്ധിച്ച രേഖകൾ ഹാജരാക്കാനാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളതെന്നും രാധാകൃഷ്ണൻ പറഞ്ഞു.
ഇഡിയുടെ സമൻസിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമുണ്ട്. ഇഡിയെ ഭയമില്ല, ഏതന്വേഷണവും നേരിടാം. ദേശീയതലത്തിൽതന്നെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ഇഡിയെ ഉപയോഗിച്ച് ബിജെപി ശ്രമിക്കുന്നുണ്ട്.
ഡൽഹിയിൽനിന്ന് ഇന്നലെയാണ് എത്തിയത്. വൈകുന്നേരമാണ് നോട്ടീസ് വന്ന കാര്യം അറിയുന്നത്. ഇന്നലെ ഹാജരാകണം എന്നായിരുന്നു നോട്ടീസിൽ ഉണ്ടായിരുന്നത്. മറുപടി നൽകിയിട്ടുണ്ട്. പാർലമെന്റ് കഴിയുന്നതുവരെ ഹാജരാകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ട്, ഭൂമി സംബന്ധമായ കാര്യങ്ങൾ, ആസ്തി തുടങ്ങിയ ഡോക്യുമെന്റുകൾ ഹാജരാക്കാനാണ് നോട്ടീസിൽ ഉള്ളത്. താൻ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് കരുവന്നൂർ വിഷയം സംബന്ധിച്ച് ചർച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്ന വേളയിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണൻ.