കരുവന്നൂർ: പുത്തൻതോട് പള്ളിപ്പാടൻ അന്തോണിക്കു വീടു പണിത് 11 വർഷമായിട്ടും വീട് വൈദ്യുതീകരിക്കാനായില്ല. അന്തോണി വീട്ടിൽ തനിച്ചാണ്. നാട്ടിൽ ചെറിയ ജോലികൾ ചെയ്താണു ജീവിതം കഴിച്ചുപോന്നിരുന്നത്. പ്രായമേറിയപ്പോൾ ശാരീരികമായും മാനസീകമായും അവശതയിലായി.
അയൽവാസികൾ നൽകുന്ന ചെറിയ സഹായങ്ങളാലാണ് ഇപ്പോൾ ജീവിതം മുന്നോട്ടുപോകുന്നത്. രാത്രി മെഴുകുതിരി വെളിച്ചമാണ് ആശ്രയം. റേഷൻ കാർഡോ, ആധാർ കാർഡോ കൈവശമില്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ല.
സർക്കാർ ഓഫീസുകൾ കയറിയിറങ്ങാനുള്ള പ്രാപ്തിയുമില്ല. അന്തോണിയുടെ നിസഹായവസ്ഥ അയൽവാസി ജോയി തെക്കൂടൻ വൈദ്യുത മന്ത്രി കെ.കെ. കൃഷ്ണൻകുട്ടിയെ അറിയച്ചതിന്റെ അടിസ്ഥാനത്തിൽ അന്തോണിയുടെ വീടു സന്ദർശിക്കാനെത്തിയ കരുവന്നൂർ കെഎസ്ഇബി സെക്ഷനിലെ സബ് എൻജിനീയർ എം.ഡി. ജോബി അന്തോണിയുടെ ദയനീയാവസ്ഥ സഹപ്രവർത്തകരുമായി പങ്കുവച്ചു.
കെഎസ്ഇബിയിലെ ജീവനക്കാർ അന്തോണിയുടെ വീട് വൈദ്യുതികരിക്കാനുള്ള ദൗത്യം ഏറ്റെടുത്തു. വീട് വയറിംഗിനും വൈദ്യുത കണക്ഷനും വേണ്ടിയുള്ള മുഴുവൻ ചിലവും ജീവനക്കാർ വഹിച്ചു.
വീട്ടിൽ വൈദ്യുത വെളിച്ചം എത്തിയപ്പോൾ അന്തോണി ചേട്ടന്റെ മുഖത്തും പ്രകാശം പരന്നു. അതു ജീവനക്കാർക്കുള്ള ഓണസമ്മാനമായി. വൈദ്യുതിയുടെ സ്വിച്ച്ഓണ്‍ ഇരിങ്ങാലക്കുട ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പി.എ.ആശ നിർവഹിച്ചു.
മൂന്നാം വാർഡ് കൗണ്‍സിലർ കെ. പ്രവീണ്‍, കരുവന്നൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.എസ്. സാജു, അസിസ്റ്റന്റ് എൻജിനീയർ സി.വി. സൂര്യ, സ്റ്റാഫ് സെക്രട്ടറി ആദർശ ദിൽരാജ് എന്നിവർ സന്നിഹിതരായി.