കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ പ്രതി ചേര്‍ക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). അടുത്തഘട്ടം കുറ്റപത്രത്തില്‍ ഇഡി ഇദ്ദേഹത്തിന്റ് പേര് ഉള്‍പ്പെടുത്തും. ഇദേഹത്തിന്റെ പേരിലെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ ഇഡി കണ്ടുകെട്ടി.
29 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
കേസില്‍ സിപിഎമ്മിനെ ഇഡി പ്രതി ചേര്‍ക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ഉണ്ടായി. പത്തു പ്രതികളുടെ 29 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ആകെ കണ്ടുകെട്ടിയത്.
സിപിഎമ്മിന്റെ മാത്രം 73 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. സിപിഎമ്മിന് പുറമെ പ്രതികളായ ഒമ്പത് വ്യക്തികളുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. ബാങ്കില്‍നിന്ന് നിയമവിരുദ്ധമായി കോടികളുടെ വായ്പയെടുക്കുകയും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്തവരാണിവര്‍.
പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയുടെ ഉടമസ്ഥതയിലെ മൂന്നു സെന്റ് സ്ഥലം കണ്ടുകെട്ടിയിട്ടുണ്ട്. വര്‍ഗീസിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓഫീസ് നിര്‍മിക്കാന്‍ വാങ്ങിയ ഈ സ്ഥലം സെന്റിന് പത്തുലക്ഷം രൂപ വിലയിട്ടാണ് രജിസ്റ്റര്‍ ചെയ്തത്. ബ്രാഞ്ച് കമ്മിറ്റികളുടെ പേരിലുള്ള എട്ട് അക്കൗണ്ടുകളും കണ്ടുകെട്ടി.
രണ്ടെണ്ണം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള സ്ഥിരനിക്ഷേപമാണ്. ഇരിങ്ങാലക്കുടി ഏരിയാ കമ്മിറ്റിയുടെ പേരില്‍ രണ്ടും ബാക്കി ലോക്കല്‍ കമ്മിറ്റികളുടേതുമാണ് അക്കൗണ്ടുകള്‍.
കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനാലാണ് പാര്‍ട്ടിയെ പ്രതി ചേര്‍ത്തതെന്ന് ഇഡി അധികൃതര്‍ പറഞ്ഞു. കരുവന്നൂര്‍ ബാങ്കിലെതന്നെ അക്കൗണ്ടുകളിലൂടെ കടത്തിയ തുക സിപിഎമ്മിനാണ് ലഭിച്ചതെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.