തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരേ സുരേഷ്ഗോപിയുടെ നേതൃത്വത്തിൽ പദയാത്രയും പ്രതിഷേധവും സംഘടിപ്പിച്ചിട്ടും തെരഞ്ഞെടുപ്പിൽ ഒരക്ഷം മിണ്ടാത്തത് സിപിഎമ്മുമായുള്ള അന്തർധാരയുടെ തെളിവെന്ന് പ്രതിപക്ഷം.കരുവന്നൂർ വിഷയത്തിൽ വൻ പ്രതിഷേധമായിരുന്നു ബിജെപി ഉയർത്തിയിരുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്പു തന്നെ സുരേഷ് ഗോപി രംഗത്തെത്തി വിഷയം ആളികത്തിക്കുകയും കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് പദയാത്രയും സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ഈ വിഷയം ആളിക്കത്തിക്കുമെന്നായിരുന്നു മുന്നറിയിപ്പു നൽകിയത്.
പക്ഷേ സിപിഎം ബിജെപിയെ സഹായിക്കാമെന്ന അന്തർധാരയാണ് വിഷയം മുഖ്യ പ്രശ്നമായി ഉയർത്തിക്കാണിക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്റെ ആരോപണം. ഇത് ഏതാണ്ട് ശരിയാണെന്ന് സംശയമുണ്ടെന്ന് ബിജെപിയിലെ ചില പ്രവർത്തകരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.
കരുവന്നൂർ വിഷയത്തിന്റെ പേരിൽ സുരേഷ് ഗോപിക്ക് വോട്ട് കിട്ടാനുള്ള നീക്കമാണ് നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം വിവിധ ഭാഗങ്ങളിൽ പ്രസംഗിച്ചിരുന്നു. നിരന്തരമായി ഇതാവർത്തിച്ചതോടെ തൃശൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനു മുന്പു തന്നെ സുരേഷ് ഗോപിക്ക് വോട്ട് വാങ്ങിക്കൊടുക്കുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു.
സുരേഷ്ഗോപിയുടെ പേര് ആവർത്തിച്ച് പറയുന്നതിൽ പ്രതിഷേധിച്ച് ഒടുവിൽ സിപിഐ നേതൃത്വത്തിനും ഇടപെടേണ്ടി വന്നിരുന്നു.തൃശൂരിലെ സീറ്റ് സിപിഐക്കായതിനാൽ തങ്ങൾക്ക് നീക്കുപോക്കു നടത്തിയാലും വലിയ നഷ്ടമില്ലെന്ന സമീപനമായിരുന്നു സിപിഎമ്മിന്. ഈ നീക്കം മനസിലാക്കിയാണ് സിപിഐ നേതൃത്വവും ഇറങ്ങിയത്.
കരുവന്നൂർ വിഷയത്തിൽ മുൻ മന്ത്രി എ.സി. മൊയ്തീനെയടക്കമുള്ള നേതാക്കളെ ഇഡിയുടെ തുടരേ തുടരേയുള്ള ചോദ്യം ചെയ്യൽ പാർട്ടിയെ തളർത്തുമെന്ന തിരിച്ചറിവാണ് ബിജെപിയുമായി അന്തർധാരയുണ്ടാക്കാൻ കാരണമെന്നും കോണ്ഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ബിജെപി നേതൃത്വവും സുരേഷ്ഗോപിയുമടക്കം കരുവന്നൂർ വിഷയത്തിൽ കാണിക്കുന്ന മൗനവും താൽപര്യക്കുറവും ഈ ആരോപണം ശരിവയ്ക്കുന്നതാണെന്ന് സംശയമുയരുന്നുണ്ട്.
കോർപറേഷൻ കൗണ്സിലർ അനൂപ് ഡേവിസ് കാടയടക്കമുള്ളവരെ പല തവണ ചോദ്യം ചെയ്യുകയും വീണ്ടും ചോദ്യം ചെയ്യാൻ വിളിക്കുമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. മുൻ മന്ത്രി എ.സി. മൊയ്തീനെയും തുടർന്ന് ചോദ്യം ചെയ്യുമെന്ന പറഞ്ഞിരുന്നു. ഇതൊക്കെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇഡിയുടെ ഇടപെടലാണെന്ന് പാർട്ടി നേതൃത്വം ആവർത്തിച്ചിരുന്നു.
പക്ഷേ തെരഞ്ഞെടുപ്പ് എത്തിയതോടെ ഇനി ചോദ്യം ചെയ്യലിന് വിളിക്കാതിരിക്കാനുള്ള രഹസ്യ നീക്കങ്ങൾ സിപിഎമ്മിലെ പ്രമുഖ നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് ബിജെപിയിലെ ഈ വിഷയത്തിൽ എതിർപ്പുള്ളവർ വ്യക്തമാക്കുന്നത്. കരുവന്നൂർ വിഷയം ഉയർത്തിയാൽ സുരേഷ് ഗോപിക്ക് വോട്ട് കൂടുമെന്നു തന്നെയാണ് ബിജെപിയിലെ ചില നേതാക്കളുടെ അഭിപ്രായം.
പക്ഷേ തൽക്കാലം ആവർത്തിച്ച് പറയേണ്ടെന്നും പ്രധാന യോഗങ്ങളിൽ വിഷയം പരാമർശിച്ച് പോയാൽ മാത്രം മതിയെന്നുമാണ് ധാരണ.
ഇതോടെ ഇഡി വിഷയത്തിൽ തൽക്കാലം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വലിയ പ്രശ്നമുണ്ടാകില്ലെന്നു മാത്രം. പക്ഷേ സിപിഎം ധാരണ തെറ്റിച്ചാൽ ലിസ്റ്റിലുള്ള പ്രമുഖ നേതാക്കളെ അറസ്റ്റു ചെയ്യുമെന്ന മുന്നറിയിപ്പാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതി കെ.ബി. അനിൽകുമാറിന്റെ അറസ്റ്റ്.