കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിലേക്കും നീളുന്നു. റബ്കോ മാനേജിംഗ് ഡയറക്ടര്‍ ഹരിദാസന് നമ്പ്യാര്‍, സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി.വി. സുഭാഷ് എന്നിവര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് നിയോഗിച്ച സംഘം അന്വേഷണം നടത്തി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയുന്നതിനാണു സഹകരണ വകുപ്പ് രജിസ്ട്രാറെ വിളിപ്പിച്ചിരിക്കുന്നത്.
റബ്കോ ഉത്പന്നങ്ങളുടെ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിതരണ ഏജന്‍സി കരുവന്നൂര്‍ ബാങ്കിനായിരുന്നു. ഉത്പന്നങ്ങളുടെ വില്പനയില് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായാണ് റബ്കോ മാനേജിംഗ് ഡയറക്ടറോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികള്‍ വീണ്ടും കസ്റ്റഡിയില്‍
അതേസമയം, കരുവന്നൂര്‍ കേസില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി.ആര്. അരവിന്ദാക്ഷനെയും ബാങ്ക് മുന്‍ ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സിനെയും വീണ്ടും ഇഡി കസ്റ്റഡിയില്‍ വിട്ടു.
പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. ചോദിക്കുന്ന കാര്യങ്ങളില്‍ പലതും ഓര്‍മയില്ലന്നാണ് പ്രതികള്‍ പറയുന്നതെന്ന് ഇഡി വ്യക്തമാക്കി.
കേസിലെ ഒന്നാംപ്രതി സതീഷിന്റെ ഫോണിലെ ശബ്ദരേഖ തന്റേതുതന്നെയെന്ന് അരവിന്ദാക്ഷന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, സംസാരത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ ഇയാള്‍ തയാറായില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടി. ശബ്ദരേഖകള്‍ തന്നെ കേള്‍പ്പിച്ച് 13 എണ്ണത്തില്‍ ഒപ്പുവപ്പിച്ചെന്ന് അരവിന്ദാക്ഷനും കോടതിയില്‍ പരാതിപ്പെട്ടു. കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.