തൃശൂർ: ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ് നടത്തി സന്പാദിച്ച കോടികളിൽ നല്ലൊരു ഭാഗവും തേക്കടിയിലെ ആഡംബര റിസോർട്ട് നിർമാണത്തിന് ചെലവഴിച്ചതായി സൂചന.
മുൻ ബ്രാഞ്ച് മാനേജർ ബിജു മുഖാന്തിരം തേക്കടിയിൽ റിസോർട്ട് നിർമിക്കാനാണ് കോടികൾ ശേഖരിച്ചിരുന്നതെന്ന ആരോപണവുമായി ബിജെപി രംഗത്തൈത്തി. ഇതിന് തെളിവായി തേക്കടിയിൽ ഒരുങ്ങുന്ന റിസോർട്ടിന്റെ ബ്രോഷറും പാർട്ടി പുറത്തുവിട്ടു.
ബാങ്കിലെ വായ്പാ തട്ടിപ്പിലൂടെ ലഭിച്ച പണം ഇതിനുപിന്നിൽ കളിച്ചവരെല്ലാം തേക്കടി റിസോർട്ട് നിർമാണത്തിന് മുടക്കിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. കോടികളുടെ തട്ടിപ്പു നടത്തിയ പണം എവിടെയാണിപ്പോഴുള്ളത്, എവിടെ നിക്ഷേപിച്ചു തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് തേക്കടി റിസോർട്ട് നിർമാണമെന്ന് ക്രൈംബ്രാഞ്ചും കരുതുന്നു.
ഇതെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.ബാങ്കിൽ ഒരു കോടിക്കു മീതെ ഇടപാടു നടത്തുന്നവരോട് റിസോർട്ടിന്റെ ഷെയറെടുക്കാൻ ബാങ്ക് ഉദ്യോഗസ്ഥരിൽ ചിലർ നിർബന്ധിച്ചിരുന്നതായും പലരേയും ഇത്തരത്തിൽ ഷെയർ ഹോൾഡർമാരാക്കിയെന്നുമുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
ഷെയർ ഹോൾഡർമാർക്ക് റിസോർട്ടിന്റെ ഷെയർ സർട്ടിഫിക്കറ്റും നൽകിയിരുന്നു. റിസോർട്ടിന്റെ ബ്രോഷറിൽ ബിജുവിന്റെ പേരും ഉണ്ട്. ക്രൈംബ്രാഞ്ച് ഇതെക്കുറിച്ച് അന്വേഷിക്കും. തേക്കടിയിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
കേരളത്തിന്റെ ഇതരഭാഗങ്ങളിൽ നിന്നും ആളുകൾ ഈ റിസോർട്ടിൽ ഷെയർഹോൾഡർമാരായിട്ടുണ്ടോ എന്നതും പരിശോധിക്കും. റിസോർട്ട് നിർമാണത്തിന് ചിലവഴിച്ച തുകയുടെ സ്രോതസ് വെളിപ്പെടുത്താൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുകയും ചെയ്യും.
ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പിലൂടെ സ്വരൂപിച്ച കോടികൾ മുൻ ബ്രാഞ്ച് മാനേജർ ബിജുവിന്റെയും ബാങ്കിന് കീഴിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ ബിജോയിയുടേയും നേതൃത്വത്തിൽ തേക്കടിയിലെ റിസോർട്ട് നിർമ്മാണത്തിന് വേണ്ടി ഉപയോഗിച്ചു എന്നാണ് ബിജെപിയുടെ ആരോപണം.
എട്ട് ഏക്കറിൽ ഒരുങ്ങുന്ന തേക്കി എന്ന ഫൈവ് സ്റ്റാർ റിസോട്ടിന്റെ ബ്രോഷറാണ് ബിജെപി ഇതിനെ തെളിവായി കാണിക്കുന്നത്. ബിജുവും ബിജോയിയും റിസോർട്ടിന്റെ പ്രമോട്ടർമാരാണെന്ന് ബ്രോഷറിലുണ്ട്. റിസോർട്ടിന്റെ നിർമാണം സംബന്ധിച്ച് അന്വേഷണം അവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ബിജെപി വ്യക്തമാക്കി.