കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍ എടുത്ത പ്രതികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ചോദ്യം ചെയ്യും.
പി. സതീഷ്കുമാറിനെയും പി.പി. കിരണിനെയും തിങ്കളാഴ്ച രാത്രിയാണ് ഇഡി അറസ്റ്റുചെയ്തത്. കിരണിന് ബാങ്കില്‍ അംഗത്വം പോലുമില്ല. ഇരുവരെയും ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇഡി. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
ബാങ്കില്‍നിന്ന് കിരണിന് 24.56 കോടി രൂപ വായ്പയെന്ന നിലയില്‍ ലഭിച്ചതായി ഇ.ഡി. കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 51 പേരുടെ രേഖകള്‍ അവര്‍ പോലുമറിയാതെ ഈടുവച്ചാണ് ഇത്രയും തുക കിരണിന് ബാങ്ക് നല്‍കിയത്.
എ.സി. മൊയ്തീന് 11 ന് ഹാജരാകണം
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന് എംഎല്‍എക്ക് വീണ്ടും നോട്ടീസ്. 11ന് രാവിലെ 11ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.
ഇ മെയില്‍ മുഖേനയും നേരിട്ടുമാണ് ഇന്നലെ നോട്ടീസ് നല്‍കിയത്. സാക്ഷിയെന്ന നിലയില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ് ആവശ്യപ്പെട്ടിട്ടുള്ളത്. 10 വര്‍ഷത്തെ ആദായനികുതി രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാനാണ് ഇഡി നിര്‍ദേശം.
ഇത് മൂന്നാം തവണയാണ് മൊയ്തീന് ഇഡി നോട്ടീസ് നല്‍കുന്നത്. മുമ്പ് രണ്ട് തവണ നോട്ടീസ് നല്കി വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. ഇഡിക്ക് മുന്നില്‍ ഹാജരാകേണ്ടതില്ലെന്ന പാര്‍ട്ടി നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു ഇത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മൊയ്തീന് ചോദ്യം ചെയ്യലിന് ഹാജരാകുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാകുമെന്ന വിലയിരുത്തലിലായിരുന്നു സിപിഎം.
ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ ഇഡിയുടെ പുതിയ നീക്കത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് പാര്‍ട്ടി നിയമ വിദഗ്ധരുടെ പ്രത്യേകസംഘം പരിശോധിച്ച് വരികയാണ്.