തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇഡി അനുദിനം കൊടുത്തുകൊണ്ടിരിക്കുന്ന ഇടിയേറ്റ് സിപിഎം സംസ്ഥാന-ജില്ല നേതൃത്വം ആടിയുലയരുന്നു.
എ.സി.മൊയ്തീൻ എംഎൽഎയുടെ വീട്ടിലെ 22 മണിക്കൂർ നീണ്ട റെയ്ഡിനും വരാനിരിക്കുന്ന ചോദ്യം ചെയ്യലുകൾക്കും പുറമെ ഒരു മുൻ എംപിക്കു കൂടി കരുവന്നൂർ കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന ഇഡി വെളിപ്പെടുത്തൽ സിപിഎമ്മിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.
കരുവന്നൂർ തട്ടിപ്പു സംബന്ധിച്ച് പല കോണുകളിൽ നിന്നും ലഭിച്ച പരാതികളെ പരിഗണിക്കാതെ തള്ളിക്കളഞ്ഞ സിപിഎം നേതൃത്വം ഇപ്പോൾ പുതിയ തെളിവുകളും വിവരങ്ങളും പുറത്തുവരുന്പോൾ പിടിച്ചുനിൽക്കാൻ പാടുപെടുന്ന സ്ഥിതിയിലാണ്.
ഇഡിക്കും കേന്ദ്രസർക്കാരിനും മാധ്യമങ്ങൾക്കുമെതിരേ ദിവസവും സിപിഎം ജില്ല നേതൃത്വം പ്രതിഷേധ പത്രക്കുറിപ്പിറക്കുന്നുണ്ടെങ്കിലും ഇഡി അന്വേഷണവുമായി മുന്നോട്ടുപോകുന്പോൾ ഓരോ ദിവസവും സിപിഎം നേതൃത്വത്തിന് അങ്കലാപ്പാണ്.
എംഎൽഎ, മുൻ എംപി, കോർപറേഷൻ, മുൻസിപ്പാലിറ്റി കൗണ്‍സിലർമാർ, തൃശൂരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി പലരും ഇഡിയുടെ നിരീക്ഷണത്തിലാണ്.
തൃശൂരിനു പുറത്ത് പ്രത്യേകിച്ച് കണ്ണൂരിലെ നേതാക്കളിൽ ചിലരും നിരീക്ഷണത്തിലുള്ളതായി നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
പാർട്ടിക്കകത്തെ ജില്ലാതല ഗ്രൂപ്പിസവും കരുവന്നൂർ കേസിൽ നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. നുണപ്രചരണങ്ങളാണ് നടക്കുന്നതെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കഴിഞ്ഞ ദിവസവും സിപിഎം ജില്ല സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര ഏജൻസിയായ ഇഡിയെ ഉപയോഗിച്ച് സിപിഎമ്മിനെയും ഇടതുപക്ഷത്തെയും തകർക്കാനാണ് ശ്രമമമെന്നും ജില്ല സെക്രട്ടേറിയറ്റ് ആരോപിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ ഉയരുന്ന ആരോപണങ്ങളെ നേരിടാൻ സിപിഎം പുത്തൂർ സഹകരണബാങ്ക് തട്ടിപ്പാണ് കോണ്‍ഗ്രസിനെതിരേ ഉയർത്തിക്കാട്ടുന്നത്.
സഹകരണസംഘങ്ങളെ ഇല്ലാതാക്കാനുള്ള കോർപറേറ്റ് അജണ്ട മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണെന്ന കുറ്റപ്പെടുത്തലും ജില്ല സെക്രട്ടേറിയറ്റിലുണ്ടായി.
ഇതിനിടെ അടുത്ത ദിവസം ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ള എ.സി. മൊയ്തീനെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന അഭ്യൂഹം ശക്തമാണ്. അത്തരത്തിലുള്ള ഏതെങ്കിലും നടപടികളിലേക്ക് ഇഡി കടക്കുകയാണെങ്കിൽ അതിനെ എങ്ങനെ നേരിടണമെന്നും പ്രതിരോധിക്കണമെന്നുമുള്ള ചർച്ചകളും പാർട്ടിക്കുള്ളിൽ നടക്കുന്നുണ്ട്.