കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്.
കേസിലെ മുഖ്യപ്രതി ബിജോയി, സുനിൽ കുമാർ, ജിൽസ്, ബിജു കരീം എന്നിവരുടെ വീട്ടിലാണ് ഒരേസമയം പരിശോധന നടത്തുന്നത്.
കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് രാവിലെ എട്ടിന് ആരംഭിച്ച റെയ്ഡ് തുടരുകയാണ്. സിആർപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലാണ് പരിശോധന നടത്തുന്നത്.
സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച പല രേഖകളും പരിശോധിച്ചതായാണ് വിവരം.ഒരു വർഷം മുന്പാണ് ഇരിങ്ങാലക്കുട കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നത്.
പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് തട്ടിയെടുത്തത്. പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്.
ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.
കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടികൾ കവർന്ന ജീവനക്കാരെയും ഇടനിലക്കാരായ ആറുപേരെയും ഇടതു ഭരണസമിതി അംഗങ്ങളായ പതിനൊന്ന് പേരെയും അറസ്റ്റ് ചെയ്തു.
തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരിൽ സസ്പെൻഡ് ചെയ്ത പതിനാറ് സഹകരണ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുകയുണ്ടായി.
പതിനെട്ട് കേസുകളാണ് ക്രൈംബ്രാഞ്ച് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരെണ്ണത്തിൽ പോലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.