ഹരിപ്പാട്: കരുവാറ്റ സർവീസ് സഹകരണ ബാങ്കിൽ നടന്ന കവർച്ചയിൽ പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും. മോഷ്ടാക്കൾ അപഹരിച്ച 580 ഗ്രാം സ്വർണം കൂടി ഇന്നലെ നടന്ന തെളിവെടുപ്പിൽ പോലീസ് കണ്ടെടുത്തു.
കേസിലെ ഒന്നാം പ്രതി ആൽബിൻ രാജിന്റെ തീരുവനന്തപുരത്തെ വീട്ടിൽ നിന്നും 500 ഗ്രാം സ്വർണാഭരണങ്ങളും മൂന്നാം പ്രതി കാട്ടാക്കട വാഴിച്ചാൽ വാവോട് തമ്പിക്കോണം മേലേപ്ലാവിള ഷിബു (45) ന് കിട്ടിയ 10 പവന്റെ സ്വർണവും ഉൾപ്പെടെയാണ് 580 ഗ്രാം സ്വർണം ഇന്നലെ പോലീസ് കണ്ടെടുത്തത്.
നേരിട്ടു മോഷണത്തിൽ പങ്കെടുക്കാത്ത ഷിബുവിന് ഷൈജു പത്ത് പവന്റെ സ്വർണാഭരണങ്ങൾ നൽകിയിരുന്നു. ഷിബു ആദ്യം തിരുവനന്തപുരത്തെ ഒരു ഫൈനാൻസ് സ്ഥാപനത്തിൽ പണയം വെച്ച് 3,70,000 രൂപ വാങ്ങി പിന്നീട് ഇയാൾ 20,000 രൂപ കൂടി വാങ്ങിയശേഷം സ്വർണാഭരണങ്ങൾ ഇവിടെത്തന്നെ വിറ്റു.
ഉരുക്കിയ നിലയിൽ സ്വർണം
ഫൈനാൻസ് സ്ഥാപനത്തിൽ നിന്ന് ഉരുക്കിയ നിലയിലാണ് പോലീസ് സ്വർണം കണ്ടെടുത്തത്. ബാങ്കിന്റെ ലോക്കർ പൊളിക്കാനായി മാർത്താണ്ഡത്തെ ഒരു കടയിൽ നിന്ന് 2400 രൂപയ്ക്കാണ് ആൽബിൻ രാജ് ഗ്യാസ് കട്ടറിന്റെ നോസിൽ വാങ്ങിയത് . പ്രധാന പ്രതിയെ ഇവിടെയെത്തിച്ചും പോലീസ് തെളിവ് ശേഖരിച്ചു.
കൂടുതൽ അന്വേഷണങ്ങൾക്കായി ഇന്ന് പറക്കോട്, കടയ്ക്കൽ ഭാഗങ്ങളിൽ എത്തിച്ച് തെളിവെടുപ്പു നടത്തുമെന്ന് ഹരിപ്പാട് സിഐ ഫയസ് പറഞ്ഞു. ഇന്നലെ കണ്ടെടുത്ത സ്വർണം കൂടിയായപ്പോൾ അപഹരിക്കപ്പെട്ടതിൽ 500 ഗ്രാം ഒഴികെയുള്ള സ്വർണാഭരണങ്ങൾ പോലീസ് കണ്ടെടുത്തു.
ബാങ്കിൽ നിന്നു നഷ്ടപ്പെട്ട സ്വർണാഭരണങ്ങളുെടെ കണക്ക് ഇപ്പോഴും പൂർണമല്ല. ബാങ്ക് രേഖകൾ ഇനിയും പരിശോധിച്ചാൽ മാത്രമേ നഷ്ടം പൂർണമായും തിട്ടപ്പെടുത്താൻ കഴിയുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.