
ഹരിപ്പാട്. കരുവാറ്റയിലെ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നു നാലര കിലോ സ്വര്‍ണവും നാലര ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതികളെ കുടുക്കിയത് പോലീസിന്റെ അശ്രാന്ത പരിശ്രമം.
തെളിവുകള്‍ അവശേഷിപ്പിക്കാതെ നടത്തിയ കവര്‍ച്ചയില്‍ സ്ഥിരം മോഷണക്കേസ് പ്രതികളെ, അതില്‍ തന്നെ അവധിദിനങ്ങളില്‍ മോഷണം നടത്തുന്നവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് രണ്ടും മൂന്നും പ്രതികളെ കുടുക്കിയത്.
രണ്ടാംപ്രതി ഹരിപ്പാട് വാടകയ്ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളി വീട്ടില്‍ ഷൈബു( അപ്പുണ്ണി-39), മൂന്നാം പ്രതി തിരുവനന്തപുരം കാട്ടാക്കട പാവോട് വഴിയില്‍ തമ്പി കോണം മേലെപ്ലാവിട വീട്ടില്‍ ഷിബു (43) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിട്ടുള്ളത്.
സംഭവത്തിലെ ഒന്നാംപ്രതിയെന്ന് കരുതുന്ന അന്തര്‍സംസ്ഥാന മോഷ്ടാവ് കാട്ടാക്കട കട്ടക്കോട് പാറക്കാണി മേക്കുംകര ആല്ബിന് രാജിനെ പിടികൂടാനായിട്ടില്ല. ഇയാള്‍ ഒളിവിലാണ്.
കണ്ടുമുട്ടിയതു ജയിലിൽ
അബ്കാരി കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുമ്പോളാണ് ഒന്നാംപ്രതിയും രണ്ടാം പ്രതി ഷൈബുവും തമ്മില്‍ പരിചയപ്പെടുന്നത്.
തിരുവന്തപുരം സ്വദേശിയായ ഒന്നാംപ്രതിയും ഷിബുവും നേരത്തെതന്നെ സുഹൃത്തുക്കളാണ്. തുടര്‍ന്ന് ഫെബ്രുവരിയോടെ പുറത്തുവന്ന ഒന്നാംപ്രതി ഷൈബുമായി ചേര്‍ന്ന് പുതിയ മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു.
ഇതിനായി ഇവര്‍ പല ധനകാര്യ സ്ഥാപനങ്ങളും നോക്കിയിരുന്നു. ഒടുവിലാണ് ഒറ്റപ്പെട്ട നിലയില്‍ സ്ഥിതിചെയ്യുന്ന കരുവാറ്റ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുത്തതും.
സിലിണ്ടറുകളുമായി ഒമ്നി വാനിൽ…
ഓഗസ്റ്റ് 24ന് കൊല്ലം കടയ്ക്കലില്‍ നിന്നും ഇവര്‍ ഒരു ഒമിനി വാന്‍ മോഷ്ടിച്ചിരിന്നു. ഈ വാഹനത്തിലായിരുന്നു സിലണ്ടറുകള്‍ കൊണ്ടുവന്നത്. ഷിബു സഹായിയായി നിന്നു. ഓഗസ്റ്റ് 29, 30, 31 എന്നിങ്ങനെ മൂന്നു അവധിദിവസങ്ങളിലായാണ് മോഷണം നടത്തിയത്.
ആദ്യ ദിവസം ഗ്യാസ് സിലിണ്ടറുകള്‍ എത്തിച്ചു. പിന്നീട് രണ്ടു ദിവസങ്ങളിലായാണ് ബാങ്കിലെ ലോക്കറില്‍ നിന്നും സ്വര്‍ണവും പണവും അപഹരിക്കുന്നത്. ലോക്കര്‍ പൊളിക്കാന്‍ തന്നെ 24 മണിക്കൂറോളം എടുത്തതായാണ് പറയുന്നത്.
മോഷണം നടത്തിയ സ്വര്‍ണത്തില്‍ ഇന്നും 154 പവനും, മുപ്പതിനായിരം രൂപയുമാണ് ഷൈജുവിനു ലഭിച്ചത്. ഇതുനല്‍കിയ ശേഷം സെപ്റ്റംബര്‍ രണ്ടിനാണ് ഒന്നാംപ്രതി സ്ഥലംവിട്ടത്.
ഗ്യാസ്കട്ടർ
ഷൈബുവിന്റെ വീട്ടിലിരുന്ന് മീന്കച്ചവടത്തിനുപയോഗിക്കുന്ന ത്രാസില്‍ തൂക്കിയാണ് വീതംവയ്പ് നടത്തിയത്. ഷിബുവിന് 12 പവന് സ്വര്‍ണവും, നാല്പതിനായിരം രൂപയുമാണ് മോഷണപങ്കായി ലഭിച്ചത്.
ദേശീയപാതയോരത്താണെങ്കിലും അത്ര ശ്രദ്ധിക്കപ്പെടുന്നവിധത്തിലല്ല ബാങ്ക് കെട്ടിടം സ്ഥിതിചെയ്യുന്നത്. ചുറ്റുമതില്പോലുമില്ലാത്ത കെട്ടിടത്തില്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടെന്ന് പുറത്തുനിന്നുള്ള മോഷ്ടാക്കള്‍ മനസിലാക്കാന്‍ സാധ്യത കുറവാണെന്ന് ആദ്യമേ പോലീസിനു മനസിലായിരുന്നു.
ബാങ്കിലേക്കുള്ള പ്രധാന വാതില്‍ ഒഴിവാക്കി സമീപത്തെ കമ്പിവേലി അറത്തുമാറ്റിയാണ് അകത്തേക്കു കയറിയിരുന്നത്. ഇതെല്ലാം മോഷണത്തിന് പ്രാദേശികമായ സഹായം കിട്ടിയതിനുള്ള തെളിവായി അന്വേഷണസംഘം വിലയിരുത്തിയിരുന്നു.
മോഷ്ടാക്കള്‍ക്കു തന്നെ ഇവിടെ അധികം സ്വര്‍ണവും പണവുമുണ്ടാകുമോയെന്ന സംശയമുണ്ടായിരുന്നു. ഒടുവില്‍ എന്തെങ്കിലും കിട്ടാതിരിക്കില്ലെന്ന വിശ്വാസത്തില്‍ കവര്‍ച്ച നടത്തുകയായിരുന്നു.
ബാങ്കിന്റെ മുന്‍വാതിലിലെ താഴറുത്തുമാറ്റിയശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്പൊളിച്ചാണ് സ്വര്‍ണവും പണവും അപഹരിച്ചത്.
ഒന്നാം പ്രതി മൊബൈൽ വിരോധി!
ഒന്നാംപ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത വ്യക്തിയാണ്. അതുപോലെ തന്നെ ആഡംബര ജീവിതവും നയിക്കുന്നയാളും.പ്രദേശത്തെ ക്വട്ടേഷന്‍സംഘങ്ങളെയും മോഷണക്കേസുകളില്‍ മുമ്പ് പ്രതികളായവരെയും കൊലക്കേസുകളിലെ പ്രതികളെയുമെല്ലാം നിരന്തരം ചോദ്യംചെയ്തിരുന്നു.
മോഷണത്തില്‍ നേരിട്ടു ബന്ധമുള്ളത് മൂന്നുപേര്ക്കെന്നാണ് പോലീസ് പറയുന്നത്. ഇതുകൂടാതെ സ്വര്‍ണം മറിച്ചുവില്‍ക്കാന്‍ സഹായിച്ചവരും കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
മോഷ്ടിച്ച സ്വര്‍ണത്തില്‍ ഒന്നരക്കിലോയോളം കണ്ടെടുത്തായും പറയുന്നു. അതേസമയം സ്വര്‍ണം വിറ്റുകിട്ടിയ പണം കൊണ്ട് ഷൈജു ഭൂമി വാങ്ങിയിട്ടുമുണ്ട്.