ഹരിപ്പാട്: കരുവാറ്റയിലെ സഹകരണബാങ്കിൽ വൻ കവർച്ച നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. കൂടുതൽ തെളിവുകൾക്കായി ഹരിപ്പാട് സിഐ ആർ. ഫയാസിന്റെ നേതൃത്വത്തിൽ ഇന്നലെ വീണ്ടും ബാങ്കിൽ പരിശോധന നടത്തി.
പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് സിഐമാർ ഉൾപ്പെടുന്ന സംഘത്തിൽ സമാന രീതിയിലുള്ള മോഷണ കേസുകൾക്ക് തുന്പുണ്ടാക്കുന്നതിൽ പ്രാഗത്ഭ്യം തെളിയിച്ച ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും തെരഞ്ഞെടുത്ത സിവിൽ പോലീസ് ഓഫീസർമാരും ഉണ്ട്. 4.5 കിലോ സ്വർണവും 4.5 ലക്ഷം രൂപയുമാണ് ബാങ്കിൽ നിന്നും നഷ്ടപ്പെട്ടത്.
മുൻവശത്തെ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോങ്ങ് റൂമിലെ വാതിൽ മുറിച്ചാണ് അകത്തുകയറിയത്.
തുടർന്ന് സേഫും ഇതേ രീതിയിൽ തന്നെ മുറിച്ച് സ്വർണവും പണവും അപഹരിക്കുകയായിരുന്നു. മൂന്നു സിലിണ്ടറുകളാണ് ബാങ്കിൽ നിന്നും കണ്ടെടുത്തിരിക്കുന്നത്. ഇവ അന്വേഷണത്തിന് ദിശാബോധം നൽകുമെന്ന് കരുതുന്നു.
ജീവനക്കാരെ ചോദ്യം ചെയ്തു
കുറഞ്ഞത് മൂന്നു പേരെങ്കിലും മോഷണത്തിൽ പങ്കാളികളായിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. ബാങ്കിലെ ജീവനക്കാരെ ഇന്നലെ പോലീസ് ചോദ്യം ചെയ്തു. ഇന്നു ഭരണസമിതി അംഗങ്ങളുടെ വിശദമായ മൊഴി രേഖപ്പെടുത്തും.
കൂടുതൽ തെളിവുകൾക്കായി ബാങ്ക് പരിസരത്ത് തെരച്ചിൽ നടത്തി. നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. ബാങ്കിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും കൂടാതെ ഒരു കിലോമീറ്റർ പരിധിയിൽ വരുന്ന ഇടവഴികളിലെ അടക്കം സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.
മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ മോഷണത്തിൽ പ്രാദേശികമായ സഹായവും ലഭ്യമായിട്ടുണ്ടെന്നു തന്നെയാണ് പോലീസ് നിഗമനം. കരുവാറ്റാ ബാങ്കിൽ നടന്ന കവർച്ചയ്ക്ക് തുന്പുണ്ടാക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി പ്രത്യേക പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഊർജിത അന്വേഷണം വേണമെന്നു ചെന്നിത്തല
ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗം ഉന്നത സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ ഇന്നലെ ബാങ്കിൽ നടന്നു. പ്രതിസന്ധികളെ അതിജീവിച്ച് സഹകാരികളുടെ വിശ്വാസം നേടി വരും ദിവസങ്ങളിൽ ബാങ്ക് പ്രവർത്തനം ഉൗർജിതമായി മുന്പോട്ട് കൊണ്ടുപോകുമെന്നും ബാങ്കിൽ രാത്രി കാവലിന് ആളെ ഏർപ്പാടാക്കിയതായും പ്രസിഡന്റ് പ്രദീപ് പോക്കാട്ട് പറഞ്ഞു.
കരുവാറ്റാ സഹകരണ ബാങ്കിലെ കവർച്ചയെപ്പറ്റി ഉൗർജിത അന്വേഷണം വേണമെന്നും നഷ്ടപ്പെട്ട സ്വർണവും പണവും കണ്ടെത്താൻ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.