ഹരിപ്പാട്: കരുവാറ്റാ സർവീസ് സഹകരണ ബാങ്കിലെ മോഷണം രണ്ടു ദിവസത്തേക്ക് നീണ്ടത് ‘ഓപ്പറേഷനി’ടെ മോഷ്ടാക്കളിലൊരാൾ ബോധരഹിതനായതു മൂലം.
മുഖ്യപ്രതി ആൽബിൻ രാജ് മണിക്കൂറുകളോളം ബോധരഹിതനായത് മോഷണം ഒരു ദിവസത്തേക്കു കൂടി നീളാൻ കാരണമായതായി ചോദ്യം ചെയ്യലിനിടെ കൂട്ടു പ്രതികളിലൊരാളായ ഷൈബു പോലീസിനോട് വെളിപ്പെടുത്തി.
വിശ്രമിച്ച് പതിയെ…
ഷൈബുവിന്റെ ഹരിപ്പാട്ടെ വീട്ടിൽ നിന്നാണ് ഓഗസ്റ്റ് 29ന് രാത്രി കവർച്ചയ്ക്കായി കരുവാറ്റായിലേക്ക് പുറപ്പെട്ടത്. നേരത്തെ തന്നെ വാങ്ങി സൂക്ഷിച്ചിരുന്ന ഗ്യാസ് കട്ടറും അനുബന്ധ ഉപകരണങ്ങളും പറക്കോട് ഗ്യാസ് ഏജൻസിയിൽ നിന്നും മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളും ബാങ്കിന്റെ പ്രധാന വാതിൽ തകർത്ത് അകത്തു കടത്തി.
തുടർന്ന് വാതിൽ ഭദ്രമായി ബന്ധിച്ച ശേഷം ജനൽപ്പാളി അറുത്തു മാറ്റി സൗകര്യപ്രദമായി പുറത്തേക്ക് പോകുവാനുള്ള വഴി ഉണ്ടാക്കി. ജനലും അടച്ചു ഭദ്രമാക്കി.തുടർന്ന് സിസിടിവി അടക്കമുള്ള ഉപകരണങ്ങൾ അറുത്തുമാറ്റി ലോക്കർ തകർക്കുവാനുള്ള ശ്രമം തുടങ്ങി.
എന്നാൽ സമയം ഏറെ അതിക്രമിച്ചതിനാൽ രാവിലെ നാലുമണിയോടെ ഷൈബു എത്തിച്ച ഇരുചക്രവാഹനത്തിൽ തിരിച്ചു പോകുകയായിരുന്നു. തുടർന്ന് ആർ.കെ. ജംഗ്ഷനിലെ ഷൈബുവിന്റെ വീട്ടിലെത്തി വിശ്രമിച്ച ശേഷം രണ്ടാം ദിനം രാത്രി വീണ്ടും മോഷണം തുടരുകയായിരുന്നു.
മൂന്നു മണിക്കൂർ ബോധമില്ലാതെ
ബാങ്കിനുള്ളിൽ കടന്ന് ഗ്യാസും ഓക്സിജനും സമം കടത്തിവിട്ട് ശബ്ദരഹിതമായി ലോക്കർ തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ പുറത്തുവന്ന പുക ശ്വസിച്ച് മൂന്നു മണിക്കൂറോളം ഇയാൾ ബോധരഹിതനായി ബാങ്കിനുള്ളിൽ കിടന്നുവെന്നാണ് ചോദ്യം ചെയ്യലിൽ വെളിവായതെന്നറിയുന്നു.
നേരത്തെ തിരുവനന്തപുരത്ത് ഒരു ബാങ്ക് ലോക്കർ തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇതേ അനുഭവം ഉണ്ടായതിനാൽ ശ്രമം വിഫലമായിരുന്നു. ഈ സംഭവത്തിന്റെ വെളിച്ചത്തിൽ ധാരാളം വെള്ളം കൈയിൽ കരുതിയിരുന്നു.
വെള്ളം കുടിക്കുകയും ദേഹത്തും മുഖത്തും വെള്ളമൊഴിച്ചു തണുപ്പിക്കുകയും ചെയ്തതിനാലാണ് അപകട നില തരണം ചെയ്തത്. ബോധം വീണ്ടെടുത്ത ശേഷവും കൃത്യം പൂർത്തിയാക്കുവാനുള്ള യജ്ഞത്തിൽ മുഴുകുകയായിരുന്നു. രണ്ടാം ദിനം തീരേണ്ട ‘പണി’ ഇക്കാരണത്താൽ ഒരു ദിവസം കൂടി ദീർഘിപ്പിക്കേണ്ടി വന്നു.
‘അനുഭവം’ ഗുരു!
ഈ പ്രവൃത്തികളൊക്കെ ചെയ്യുമ്പോഴും ഇരു കൈകളിലും തുടക്കം മുതലേ ഫിംഗർപ്രിൻ്റ് പതിയാത്ത കട്ടികൂടിയ കൈയ്യുറ ധരിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തിരുവനന്തപുരത്തെ ബാങ്കിൽ നടത്തിയ മോഷണ ശ്രമം സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തു വന്നതിന്റെ അനുഭവം കൊണ്ടാവാം കരുവാറ്റായിൽ ആദ്യം തന്നെ സിസിടിവി അടക്കമുള്ള തെളിവുകൾ നശിപ്പിച്ചത്.
രണ്ടു ദിവസവും പ്രവൃത്തി കഴിഞ്ഞ് ഷൈബുവിനൊപ്പം മടങ്ങുമ്പോൾ ബാങ്കിനുള്ളിലെ സാഹചര്യങ്ങൾ കണ്ട് ‘പണി’ വൃഥാവിലാകുമോ എന്ന ഉത്കണ്ഠ ഇയാളെ അലട്ടിയിരുന്നു. എന്നാൽ മൂന്നാം ദിനം പുലർച്ചെ ബാങ്കിനുള്ളിൽ നിന്നു പുറത്തു വന്നത് അതീവ സന്തോഷവാനായാണെന്നും ഷൈബു വെളിപ്പെടുത്തി.