ഹരിപ്പാട്: കരുവാറ്റാ സർവീസ് സഹകരണ ബാങ്കിൽ നിന്നും ലോക്കർ തകർത്ത് 5.43 കിലോ സ്വർണവും 4,43,743 രൂപയും കവർന്ന കേസിന്റെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയെന്നു പോലീസ്.
ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ഊർജിതമായ അന്വേഷണത്തിൻ്റെ വിവരങ്ങൾ പോലീസ് പുറത്തു വിടുന്നില്ലെങ്കിലും വിവിധ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നീങ്ങുന്ന അന്വേഷണത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പൂർണ തൃപ്തി ഉണ്ടെന്നാണ് അറിവ്.
ഇതിനകം ജില്ലയിലും പുറത്തുമായി പോലീസ് നൂറുകണക്കിന് ആളുകളെ ചോദ്യം ചെയ്യുകയും ഒപ്പം എഴുപത്തിയഞ്ചോളം സിസിടിവി ദൃശ്യങ്ങൾ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പരിശോധിക്കുകയും ചെയ്തതോടെ മോഷണത്തെ കുറിച്ച് വ്യക്തമായ തുമ്പ് ലഭിച്ചു എന്നാണ് അറിവ്.
ബാങ്കിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ പുനരാരംഭിച്ച് നാലു ദിവസം പിന്നിടുമ്പോൾ സഹകാരികളുടെ ഭാഗത്തു നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് ബാങ്ക് പ്രസിഡൻ്റ് പ്രദീപ് പോക്കാട്ട് പറഞ്ഞു.
നിതാന്ത ജാഗ്രതയോടെയുള്ള പോലീസ് അന്വേഷണം ജനങ്ങളിൽ മതിപ്പുളവാക്കിയിട്ടുണ്ട്. ഏത് നിമിഷവും പ്രതികൾ പിടിയിലാകുമെന്നു തന്നെയാണ് പ്രതീക്ഷ. മലയോര ജില്ലകളിൽ നിന്നു പോലുമുള്ള നിരവധി സ്റ്റേഷനുകളിലെ വാഹനങ്ങൾ ദിനംപ്രതി കരുവാറ്റായിലെത്തി തെളിവുകൾ ശേഖരിക്കുന്നുണ്ട്.
കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെയും ഹരിപ്പാട് സിഐ ആർ. ഫയാസിൻ്റെയും നേതൃത്വത്തിലാണ് പ്രാദേശിക അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെമോഷ്ടാക്കൾ തകർത്ത കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും മറ്റും കേടുപാടുകൾ തീർക്കുന്ന ജോലി ധൃതഗതിയിൽ നടക്കുന്നുണ്ട്.
ചെന്നൈയിൽ നിന്നും എത്തിയ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥൻ എസ്.വെങ്കിടേഷ് ബാങ്കിലെത്തി പരിശോധന നടത്തി.
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിൻ്റെ കോർപ്പറേറ്റ് ഏജൻ്റായി സഹകരണ മേഖലയിൽ ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങൾക്കായി പ്രവർത്തിക്കുന്ന കോയിൻസ് എന്നു ചുരുക്കപ്പേരുള്ള കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് സർവീസിൻ്റെ ജില്ലയിലെ ഫീൽഡ് ഓഫീസർ എസ്.ബിജിയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.