കഴക്കൂട്ടം : വായുമലിനീകരണം കുറയ്ക്കുന്നതിനു മാതൃകയായി കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ കാര്‍ബണ്‍മുക്ത കാമ്പസ് പദ്ധതി തുടങ്ങി.
കാമ്പസിനുള്ളിലെ യാത്രകള്‍ക്ക് സൈക്കിളുകളും ഇലക്ട്രിക് ബഗ്ഗിയും (ബാറ്ററിച്ചാര്ജിലോടുന്ന നീളന്‍ റിക്ഷ) ഏര്‍പ്പെടുത്തി. പദ്ധതിയുടെ ഒന്നാം ഘട്ടം ബുധനാഴ്ച ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.
പെട്രോളും ഡീസലും ഉപയോഗിക്കുന്ന വാഹനങ്ങള്‍ കാമ്പസിലോടുന്നതു കുറയ്ക്കാനാണ് ഈ പദ്ധതി. രണ്ട് ഇലക്ട്രിക് ബഗ്ഗികളാണ് ഇവിടെ ഉണ്ടായിരിക്കുക. അതിലൊന്നും എഴുപത്തഞ്ചോളം സൈക്കിളുകളും കാമ്പസില്‍ എത്തിക്കഴിഞ്ഞു.
കാമ്പസിലെ പഠനവിഭാഗങ്ങളും പൂര്‍വവിദ്യാര്‍ഥികളും മറ്റുമാണ് ഇവ വാങ്ങി നൽകിയത്.സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ക്ക് പ്രധാന ഗേറ്റിനടുത്ത് അവ പാര്‍ക്ക് ചെയ്യാം.
തുടര്‍ന്ന് കാമ്പസിനുള്ളിലെ സവാരിക്ക് സെക്യൂരിറ്റിവിഭാഗത്തെ സമീപിച്ച് സൈക്കിളെടുക്കാം. അല്ലെങ്കില്‍, ബഗ്ഗി വരുമ്പോള്‍ അതില്‍ കയറാം.
ഉദ്ഘാടനച്ചടങ്ങില്‍ വൈസ് ചാന്‍സലര്‍ വി.പി.മഹാദേവന് പിള്ള അധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാന്‍സലര്‍ പി.പി.അജയകുമാര്‍, രജിസ്ട്രാര്‍ കെ.എസ്.അനില്‍ കുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്.ബാബുജാന്, എസ്.നസീബ്, രഞ്ജു സുരേഷ്, വിദ്യാര്‍ഥി പ്രതിനിധി നൗഫല്‍ എന്നിവരും പങ്കെടുത്തു.