കാര്യവട്ടത്ത് റെക്കോഡ് വിജയവുമായി ഇന്ത്യ ജയിച്ചു കയറിയപ്പോള്‍ ശുഷ്കമായ ഗാലറികള്‍ ഒരു ദുരന്തക്കാഴ്ചയായി.
നാല്പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ അതിന്റെ മൂന്നിലൊന്നു മാത്രം കാണികള്‍ എത്തിയത് ക്രിക്കറ്റിനെ അതിരറ്റു സ്നേഹിക്കുന്ന കേരളത്തില്‍ അസാധാരണമായ കാഴ്ചയായി.
കേരളത്തില്‍ ഇതുവരെ നടന്ന രാജ്യാന്തര മത്സരങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍ പിറന്ന മത്സരത്തിന് തന്നെയാണ് ഏറ്റവും കുറവ് കാണികളെത്തിയതെന്നതും ശ്രദ്ധേയമായി.
ആകെ വില്‍പനയ്ക്കുള്ളതിന്റെ അഞ്ചിലൊന്ന് ടിക്കറ്റ് മാത്രമാണു വിറ്റുപോയത്. കൃത്യമായി പറഞ്ഞാല്‍ 6201. സ്പോണ്‍സര്‍മാരുടെ ഉള്‍പ്പെടെ കോംപ്ലിമെന്ററി ടിക്കറ്റിലൂടെയാണ് ബാക്കിയുള്ളവര്‍ എത്തിയത്.
സ്പോണ്‍സേഴ്സ് ഗാലറി ഒഴികെ ഒരിടത്തും പകുതി പോലും കാണികള്‍ ഉണ്ടായില്ല. അധികാരികളുടെ കടുംപിടിത്തംതന്നെയാണ് ആരാധകരെ ഗാലറികളില്‍ നിന്നകറ്റിയത്.
ടിക്കറ്റിന്റെ വിനോദ നികുതി 5 ശതമാനത്തില്‍ നിന്ന് 12% ആയി സര്‍ക്കാര്‍ ഉയര്‍ത്തിയതും അതിനെ ന്യായീകരിച്ച് പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന് കായിക മന്ത്രി വി.അബ്ദു റഹിമാന്‍ പ്രതികരിച്ചതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.
ഇതോടെ മത്സരം ബഹിഷ്കരിക്കണമെന്ന പ്രചാരണവുമുണ്ടായി. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിലെ ഒരു മത്സരം തിരുവനന്തപുരത്തിന് ലഭ്യമാക്കാനുള്ള ശ്രമം കേരള ക്രിക്കറ്റ് അസോസിയേഷന് നടത്തുന്നുണ്ട്.
എന്നാല്‍ ഈ കാണികള്‍ ഇത്രയേറെ കുറഞ്ഞത് സര്‍ക്കാര്‍ പക്ഷത്തു നിന്നു തന്നെ ഉയര്‍ന്ന ആരോപണങ്ങളും വിവാദങ്ങളും ബിസിസിഐയെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കാം.
ഇന്ന് സിബിഎസ്ഇ സ്കൂളുകളില്‍ പരീക്ഷ ആരംഭിക്കുന്നതും തിരുവനന്തപുരത്ത് ഏറെ കാണികള്‍ എത്തുന്ന തമിഴ്നാട്ടില്‍ ഇന്നലെ പ്രധാന ഉത്സവമായ പൊങ്കലായിരുന്നതും കാണികളുടെ എണ്ണം കുറയാനുള്ള കാരണങ്ങളായി വിലയിരുത്തപ്പെടുന്നു.
കായിക മന്ത്രി വി.അബ്ദു റഹിമാന്‍ ഇന്നലെ മത്സരം കാണാന്‍ എത്തിയില്ല. സെപ്റ്റംബറില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരം കാണാന്‍ അദ്ദേഹം വന്നിരുന്നു.
അന്ന് മന്ത്രിക്ക് ഒപ്പം വന്നവര്‍ ബിസിസിഐ ഭാരവാഹികള്‍ ഇരുന്ന വിഐപി ബോക്സിലേക്കു കടക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ മന്ത്രി വേഗം മടങ്ങുകയും ചെയ്തു.
ഇത്തവണ സ്പീക്കര്‍ എ.എന്‍.ഷംസീര്‍, ശശി തരൂര്‍ എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, മേയര്‍ ആര്യ രാജേന്ദ്രന്, സച്ചിന് ദേവ് എംഎല്‍എ, കടകംപള്ളി സുരേന്ദ്രന് എംഎല്‍എ തുടങ്ങിയവര്‍ കളി കാണാനെത്തി.
ടിക്കറ്റ് നിരക്കില്‍ വിനോദ നികുതി വര്‍ധിപ്പിച്ചതിനെതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ എത്തണ്ടായെന്നായിരുന്നു മന്ത്രി പറഞ്ഞത്.
ഇതിനെതിരേ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ കളി ബഹിഷ്കരിക്കാന്‍ ആഹ്വാനവുമുണ്ടായി. ഇതിന്റെ പ്രതിഫലനമാണ് ഗാലറികളില്‍ കണ്ടത്.