തലസ്ഥാനം വേദിയാകുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച സംഭവത്തില്‍ ന്യായീകരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാന്.
ടിക്കറ്റെടുത്ത് മത്സരം കാണാത്തവരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നതെന്നും വിലകുറയ്ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ തവണ നികുതിയിളവ് ലഭിച്ചിട്ടും ജനങ്ങള്‍ക്ക് ഗുണമുണ്ടായില്ല. ജീവിതത്തില്‍ ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമര്‍ശിക്കുന്നത്.
പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ട. സര്‍ക്കാരിന് കിട്ടേണ്ട പണം കിട്ടണമെന്നും മന്ത്രി തുടര്‍ന്നു. ടിക്കറ്റ് വില്‍പ്പന മൂലമുള്ള നികുതി പണം കായിക മേഖലയില്‍ തന്നെ വിനിയോഗിക്കുമെന്നും മുട്ടത്തറയില്‍ ഫ്ളാറ്റ് നിര്‍മിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മത്സരത്തില്‍ ടിക്കറ്റ് നിരക്ക് കൂട്ടി പണം മുഴുവന്‍ ബിസിസിഐ കൊണ്ട് പോയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഈ മാസം 15-ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്. അനില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.
അപ്പര്‍ ടയറിന് 1,000 വും , ലോവര്‍ ടയറിന് 2,000 രൂപ നിരക്കിലുമാണ് ടിക്കറ്റുകളുടെ വില ക്രമീകരിച്ചിരിക്കുന്നത്. 18% ജിഎസ്ടി, 12% എന്റര്‍ടൈയിന്‍മെന്റ് ടാക്സ് എന്നിവ ഉള്‍പ്പെടെയുള്ളതാണ് ടിക്കറ്റ് നിരക്കുകള്‍.
ഫെഡറല്‍ ബാങ്ക്, പേടിഎം ഇന്‍സൈഡര്‍, മാത ഏജന്‍സീസ്, മില്‍മ, അനന്തപുരി ഹോസ്പിറ്റല്‍ എന്നിവരുമായുള്ള ധാരണാപത്രങ്ങളും ചടങ്ങിനിടയില്‍ കൈമാറി.