തിരുവനന്തപുരം: ആദ്യമത്സരം തന്നെ സൂപ്പര്‍ ഹിറ്റാക്കി അനന്തപുരി. ഇന്ത്യ – ന്യൂസിലന്‍ഡ് ട്വന്റി-20 പരമ്പരയിലെ അവസാന മത്സരം കാണാന്‍ കോരിച്ചൊരിയുന്ന മഴയിലും ഒന്‍പതു മണിക്കൂറിലേറെ നീണ്ട കാത്തിരിപ്പ്. മത്സരം നടക്കുമോ എന്ന യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യം. എന്നിട്ടും ഇത്രയധികംസമയം സ്റ്റേഡിയത്തില്‍ 45000 ത്തോളം കാണികള്‍ ചെലവിട്ടു.
എന്നാല്‍, ഈ ക്രിക്കറ്റ് ആരാധകരുടെ ഭാഗത്തു നിന്നു യാതൊരു പ്രകോപനവും ഉണ്ടായില്ല. അവര്‍ സ്നേഹിക്കുന്നത് ക്രിക്കറ്റിനെയാണെന്നു വ്യക്തമാക്കി. പ്രതിസന്ധി എന്തൊക്കെയായാലും അവയെല്ലാം തടുത്തുമാറ്റി സ്പോര്‍ട്സ് ഹബ്ബിലെ കന്നി ടി-20 മത്സരം കാണുക എന്ന ലക്ഷ്യമായിരുന്നു ഇവിടെ എത്തിയ അരലക്ഷത്തോളം ക്രിക്കറ്റ് പ്രേമികള്‍ക്ക്. ഇവരുടെആഗ്രഹത്തിനു മുന്നില്‍ പ്രകൃതിയും കനിഞ്ഞു. മണിക്കൂറുകള്‍ നീണ്ടു നിന്ന മഴ രാത്രി എട്ടരയോടെ അവസാനിച്ചതോടെ പതിനായിരങ്ങളുടെ ക്രിക്കറ്റ് ആവേശം സ്റ്റേഡിയത്തില്‍ അല തല്ലി.
ഇത്രയധികം സഹനത്തോടെ മത്സരം വീക്ഷിച്ച തിരുവനന്തപുരത്തെ കാണികളെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്്ലി പ്രശംസകൊണ്ട് മൂടി. സ്പോര്‍ട്സ് ഹബ്ബിലെത്തിയ കാണികളാണ് ഈ മത്സരത്തിലെ വലിയ പ്രത്യേകത. മണിക്കൂറുകളോളം പതിനായിരങ്ങള്‍ സ്റ്റേഡിയത്തില്‍ സഹിഷ്ണുതയോടെ കാത്തിരുത്തത് ക്രിക്കറ്റ് എന്ന വികാരം ഉള്ളിലൊതുക്കിയാണ്. അതി മനോഹരമായ സ്റ്റേഡിയം. ഒപ്പം ഔട്ട് ഫീല്‍ഡ് തയാറാക്കിയിരിക്കുന്നത് അതിശയിപ്പിക്കുന്ന തരത്തിലെന്നും കോഹ്്ലി ട്വീറ്റ് ചെയ്തു.
ഗ്രൗണ്ട് സ്റ്റാഫിന്റെ പ്രവര്‍ത്തനങ്ങള്‍ അതിശയിപ്പിക്കുന്നതെന്നായിരുന്നു വി.വി.എസ്. ലക്ഷ്മണന് ട്വീറ്റ് ചെയ്തത്. കോരിച്ചൊരിയുന്ന മഴയിലും മത്സരത്തിനായി കാത്തിരുന്ന കാണികളെക്കുറിച്ചും ലക്ഷ്മണന് പ്രത്യേക പരാമര്‍ശം നടത്തി. ആകാശ് ചോപ്ര ഈ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്തത് കാണികളെയാണെന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരത്തെത്തിയ ക്രിക്കറ്റ് ആരാധകര്‍ക്ക് സഞ്ജയ് മഞ്ജരേക്കര്‍ ആശംസകള്‍ അര്‍പ്പിച്ചു. 29 വര്‍ഷത്തിനു ശേഷം തിരുവനന്തപുരതത്ത് ഒരു അന്താരാഷ്ട്ര മത്സരം എത്തിയപ്പോള്‍ ഏറെ മിച്ച രീതിയില്‍ ആ മത്സരത്തെ വരവേറ്റ കാണികളുടെ നിലപാടിനെയാണ് ഇന്ത്യയുടേയും ന്യൂസിലാന്‍ഡിന്റെയും ടീം അംഗങ്ങള്‍ ഒന്നുപോലെ പ്രശംസിച്ചത്.
കനത്ത മഴയെ തുടര്‍ന്ന് മത്സരം വൈകുമ്പോള്‍ കാണികളുടെ ഭാഗത്തു നിന്നും പ്രകോപനം ഉണ്ടാകുമോ എന്ന ആശങ്ക കെസിഎ അധികൃതര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ഗാലറിയില്‍ ഇരുപ്പുറപ്പിച്ച് മണിക്കൂറുകളോളം പെരുമഴ നനഞ്ഞ കാണികള്‍ തങ്ങള്‍ മത്സരം കാണാനാണ് എത്തിയിരിക്കുന്നത് എന്നു വ്യക്തമാക്കുന്ന സന്ദേശമായിരുന്നു സംഘാടകര്‍ക്ക് നല്‍കിയത്.
ഇത് തിരുവനന്തപുരത്തെ കായിക സംസ്കാരം അന്താരാഷ്ട്ര തലത്തില്‍ തന്നെ എത്തിക്കുന്നതിനും അവസരമായി. ഒന്‍പതു മണിക്കൂര്‍ മഴ നനഞ്ഞിട്ടും ഗാലറി വിട്ടുപോകാന്‍ കാണികള്‍ ആരും തയാറായില്ല. ഇതോടെ മഴ ചെറുതായി ശമിച്ചപ്പോള്‍ കാണികള്‍ക്ക് ആവേശമായി കോഹ്്ലിയും കൂട്ടരും ഫുട്ബോള്‍ തട്ടിയും ഗാലറിയെ ത്രസിപ്പിച്ചു. ഇത്രയധികം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ മത്സരം വീക്ഷിക്കാന്‍ എത്തിയ കാണികള്‍ക്ക് കോഹ്്ലിയും കൂട്ടരും അനുമോദനങ്ങളുടെ റോസാപുഷ്പമാണ് സമര്‍പ്പിച്ചത്.
കാണികളെക്കുറിച്ച് പറയുന്ന അതേ ആവേശത്തോടെയാണ് കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിനെക്കുറിച്ചും ക്രിക്കറ്റ് താരങ്ങള്‍ അഭിപ്രായപ്പെട്ടത്. ഗ്രൗണ്ടും സ്റ്റേഡിയത്തിലെ അനുബന്ധ സൗകര്യങ്ങളും മനോഹരമാണെന്നു ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി പറഞ്ഞു.
മഴ മാറി 15 മിനിറ്റിനുള്ളില്‍ സ്റ്റേഡിയം മത്സരത്തിനു സജ്ജമാക്കാവുന്ന നിലയിലാണ്. ഇത്തരത്തിലുള്ള ഡ്രെയ്നേജ് സംവിധാനങ്ങളും അനുബന്ധ സൗകര്യങ്ങളും നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ ഇനിയും കാര്യവട്ടത്തേക്ക് എത്തുന്നതിനു ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയത്.
കാര്‍ത്തിക് വര്‍മ്മയായിരുന്നു സെക്യൂരിറ്റി കമ്മിറ്റി ചെയര്മാന്. എം.ജി. ജയന് സ്റ്റേഡിയം കമ്മിറ്റിയുടേയും ബിനീഷ് കൊടിയേരി റിസപ്ഷന് കമ്മിറ്റിയുടേയും റോംക്ലിന് ഫുഡ് കമ്മിറ്റിയുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഗ്രൗണ്ടിലെ പ്രവര്‍ത്തനങ്ങള്‍ പ്രധാന ക്യുറ്റേറ്റര് ബിജുവിന്റെ നേതൃത്വത്തിലായിരുന്നു. കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലുള്ള മീഡിയാ കമ്മിറ്റി ആണ് മീഡിയാ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം നടത്തിയത്. ആക്യുറേറ്റ് മീഡിയയിലെ രജീഷിന്റെ നേതൃത്വത്തില്‍ ഗോപികയും വിവേകും മീഡിയാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായവും നല്കി. മികച്ച ഏകോപനത്തിന്റെ വിജയമാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ കണ്ടതെന്നു വ്യക്തം.
തോമസ് വര്‍ഗീസ്
ഐപിഎലിനായി കെസിഎ
തിരുവനന്തപുരം: കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ ആദ്യ അന്താരാഷ്ട്ര മത്സരം അതി ഗംഭീരമായി വിജയിച്ചതോടെ കൂടുതല്‍ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ നടത്താനുള്ള ശ്രമം കെസിഎ ആരംഭിച്ചു. നിലവില്‍ കെസിഎ പ്രതിദിന വാടകയ്ക്കാണ് വര്‍ഷത്തില്‍ 180 ദിവസത്തേ്ക്ക് സ്റ്റേഡിയം ഏറ്റെടുത്തിട്ടുള്ളത്. കാണികളുടെ വന്‍തോതിലുള്ള ഒഴുക്കും മികച്ച സ്റ്റേഡിയമെന്ന ഖ്യാതിയും ഐപിഎല്‍ പോലുള്ള മത്സരങ്ങള്‍ ഇവിടെ നടത്താനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഐപിഎലില്‍ ഹോം ഗ്രൗണ്ട് ഇല്ലാത്ത ടീമിന്റെയോ നിലവില്‍ ഹോം ഗ്രൗണ്ട് ഉണ്ടെങ്കിലും മത്സരത്തിനായി കാണികള്‍ എത്തിച്ചേരാത്തതായ മത്സരമോ കാര്യവട്ടത്തേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ആരംഭിച്ചിട്ടുള്ളത്. ഐപിഎല്‍ സംഘാടകരായ ഐഎംജി റിലയന്‍സ് പ്രതിനിധികള്‍ കാര്യവട്ടത്ത് മത്സരം കാണാനെത്തുകയും കാണികളുടെ വന്‍ പങ്കാളിത്തവും സ്റ്റേഡിയത്തിലെ ആവേശവും നേരിട്ട് വ്യക്തമായതാണ്. രാജസ്ഥാന് റോയല്‍സ് ടീം ഉള്‍പ്പെടെയുള്ളവരുടെ മത്സരം കാര്യവട്ടത്ത് നടത്തുന്നതു സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടത്താനും കെസിഎ ലക്ഷ്യമിടുന്നുണ്ട്.