തിരുവനന്തപുരം: രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം യോഗ്യമെന്നു ബിസിസിഐ.കാര്യവട്ടം സ്റ്റേഡിയത്തിൽ ഒരുക്കിയ സൗകര്യങ്ങൾ ബിസിസിഐ ജനറൽ മാനേജർ (ഓപ്പറേഷൻ) ഡോ. എം.വി. ശ്രീധറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയ ശേഷമാണ് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളിൽ ബിസിസിഐ പൂർണ സംതൃപ്തി രേഖപ്പെടുത്തി. ജൂലൈയിൽ ഐസിസി സംഘം സ്റ്റേഡിയം സന്ദർശിച്ച് പരിശോധന നടത്തും. അടുത്ത സീസണിൽ തന്നെ സ്റ്റേഡിയത്തിൽ രാജ്യാന്തരമത്സരം നടത്താൻ കഴിഞ്ഞേക്കുമെന്നും ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി വ്യക്തമാക്കി.
സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന, പരിക്കേൽക്കുന്ന താരങ്ങൾക്കു ചികിത്സ നൽകാനുള്ള സൗകര്യങ്ങളിലും ടെലിവിഷൻ സംപ്രേഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളിലും ചില മാറ്റങ്ങൾ വരുത്താൻ ഡോ. എം.വി. ശ്രീധർ നിർദേശം നൽകി.
പരിക്കേൽക്കുന്ന താരങ്ങളെ മൈതാനത്തുനിന്നു മെഡിക്കൽ റൂമിൽ എത്തിച്ച ശേഷം കൂടുതൽ ചികിത്സ ആവശ്യമെങ്കിൽ ആശുപത്രിയിലേക്കു കൊണ്ടു പോകാനായി ആംബുലൻസിലേക്ക് എത്തിക്കാൻ സ്റ്റെയർകേസിലൂടെ ചുമക്കണം. ഇതു പുനഃക്രമീകരിക്കുന്നതിനൊപ്പം കാണികളുടെ ഇടപഴകൽ ഒഴിവാക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കേണ്ടതുണ്ടെന്നും നിർദേശം നൽകി. തത്സമയ സംപ്രേഷണത്തിനായി കാമറകൾ സ്ഥാപിക്കാൻ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തണം. കമന്ററി ബോക്സിലും പുതിയ ക്രമീകരണങ്ങൾ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
താരങ്ങളുടെ ഡ്രസിംഗ് റൂം ഉൾപ്പെടെ ടീമുകൾക്കായി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങളിൽ ഡോ. എം.വി. ശ്രീധർ പൂർണ തൃപ്തി രേഖപ്പെടുത്തി. സ്റ്റേഡിയത്തിൽ പുനഃക്രമീകരിക്കേണ്ട സജ്ജീകരണങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഉടൻ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷനു കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
സൗകര്യങ്ങളിൽ പുനക്രമീകരണം നടത്തിയാലുടൻ തന്നെ ഐസിസിക്കു ബിസിസിഐ റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈയിൽ ഐസിസി സംഘം സ്റ്റേഡിയത്തിൽ പരിശോധന നടത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അമിതാഭ് ചൗധരി പറഞ്ഞു.
കാര്യവട്ടം സ്റ്റേഡിയം സജ്ജമാണെങ്കിലും ഈ സീസണിൽ രാജ്യാന്തര മത്സരങ്ങൾ നടത്താൻ കഴിയില്ല. ഒക്ടോബറിൽ പുതിയ സീസണ് ആരംഭിക്കുന്നതോടെ മൂന്നു സീരീസുകളാണു നടക്കാനുള്ളത്. ഇവയിൽ ഒരു മത്സരം തിരുവനന്തപുരത്തിന് അനുവദിക്കുമെന്നും ഐപിഎൽ മത്സരങ്ങൾ കാര്യവട്ടത്തു നടത്തണമോയെന്ന് തീരുമാനിക്കേണ്ടത് ഫ്രാഞ്ചൈസികളാണെന്നും ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു.
ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി. മാത്യു, കെസിഎ സെക്രട്ടറി ജയേഷ് ജോർജ് ഉൾപ്പെടെയുള്ള ഭാരവാഹികളും കാര്യവട്ടം സ്റ്റേഡിയതത്തിൽ ഒരുക്കിയരിക്കുന്ന സജ്ജീകരണങ്ങൾ സംബന്ധിച്ച പരിശോധനയിൽ പങ്കെടുത്തു.