തിരുവനന്തപുരത്തു നടന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനത്തിന് ശേഷം രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവുമായി നില്ക്കുന്ന ചിത്രം ക്രിക്കറ്റ് ആരാധകര്‍ കണ്ടതാണ്. കളിയിലെ കേമന്‍ ലഭിച്ച ഒരു ലക്ഷം രൂപയുടെ കാര്‍ഡുമായിട്ടായിരുന്നു ജഡേജ നിന്നത്.
എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചുവെന്നുള്ളത് ആരും അന്വേഷിച്ച് കാണില്ല. താരങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് മടങ്ങുകയും ചെയ്തു. അന്ന് ജഡേജയ്ക്ക് സമ്മാനിച്ച പ്രകൃതിക്ക് ദഹിക്കാത്ത ആ കാര്‍ഡുമായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ ക്ലീനിങ് ജീവനക്കാരനായ ജയന് എന്ന വ്യക്തി നില്ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവുമായി നില്ക്കുന്ന ചിത്രം തിരുവനന്തപുരം മറന്നിട്ടില്ല. മത്സരത്തിന് ശേഷം, സമ്മാനദാന ചടങ്ങില്‍ പുരസ്കാരങ്ങളും ക്യാഷ് അവാര്‍ഡും കൊടുക്കുന്നതും പതിവാണ്. എന്നാല്‍ എന്താണ് അതിന് ശേഷം സംഭവിക്കുന്നത്. കാണൂ.. അത് മറ്റുള്ള പലരുടേയും ബാധ്യതയായി മാറുകയാണ്. എന്തുക്കൊണ്ട് ക്രിക്കറ്റുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രകൃതിക്ക് ബാധ്യതയാവാത്ത രീതിയില്‍ പുരസ്കാര വിതരണം നടത്തിക്കൂടാ..?
ബിസിസിഐ ഇക്കാര്യം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇത്തരം ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് കരുതുന്നു. ബിസിസിഐക്ക് ഒരു ജനതയെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ സാധിക്കും- ഇങ്ങനെയാണ് എഫ്ബി പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും ധോണിയെയും കോഹ്ലിയെയും രവീന്ദ്ര ജഡേജയേയും പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.