മലയാളികൾ ആവേശത്തോടെ കാത്തിരുന്ന കണ്ട ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് സോഷ്യൽമീഡിയയിൽ ട്രോൾ മഴ. നാളുകൾക്ക് ശേഷം കേരളത്തിലെത്തിയ ഈ അന്താരാഷ്ട്ര മത്സരം ഞൊടിയിടയിൽ തീർന്നതാണ് ട്രോളന്മാരെ ചൊടിപ്പിച്ചത്. പ്രവചനങ്ങൾ പോലെ മഴയും പെയ്തില്ല, റൺമഴയും പെയ്തില്ല; കാര്യവട്ടത്ത് ട്രോൾമഴയാണ് ഇപ്പോൾ.
ഒരു കലിപ്പ് മത്സരം പ്രതീക്ഷിച്ചു പോയ ആരാധകർക്കു മുമ്പിൽ 31.5 ഓവറിൽ 104 റണ്‍സ് മാത്രം വെസ്റ്റ് ഇൻഡീസ് ടീം സ്വന്തമാക്കിയപ്പോൾ, 14.5 ഓവറിൽ ഇന്ത്യ വിജയം കണ്ടു. കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പട വിജയം കൊയ്തുവെങ്കിലും മത്സരത്തിനു ശേഷം സ്റ്റേഡിയത്തിനു പുറത്ത് ആർപ്പുവിളിയുടെ പൂരപ്പറമ്പൊരുക്കാൻ തീരുമാനിച്ച ആരാധകർക്ക് അന്തിമയങ്ങുന്നതിനു മുമ്പേ വീട്ടിൽ തിരികെ കയറേണ്ടി വന്നു.
കളി കണ്ടുവരുന്ന ആരാധകരെ ലക്ഷ്യമിട്ട തട്ടുകട മുതലാളിടെ ദുഃഖ ഭാവവും വീട്ടിലേക്ക് വിളിച്ച് അമ്മയോട് ചോറിൽ വെള്ളമൊഴിക്കണ്ട ഞാൻ ഇപ്പോ വരുമെന്ന് പറയുന്ന ആരാധകന്റെ ദയനീയ ഭാവവുമെല്ലാം ചേർന്നുള്ള സങ്കട ട്രോളുകളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.