സ്വന്തം ലേഖകന്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ കറുത്ത മാസ്കും വസ്ത്രങ്ങളും ധരിക്കരുതെന്ന നിര്‍ദേശം ആരു നല്‍കിയെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ പോലീസ് ഉദ്യോഗസ്ഥര്‍.
കോഴിക്കോട് ഉള്‍പ്പെടെ വന്‍ വന്‍ ജനാവലി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്കിനും വസ്ത്രങ്ങള്‍ക്കും ‘അനൗദ്യോഗിക’ വിലക്കുണ്ടായിരുന്നു.
കറുപ്പ് മാസ്ക് ധരിച്ചു വന്ന മാധ്യമപ്രവര്‍ത്തകനോട് വേറെ മാസ്കില്ലേ എന്നുചോദിക്കുന്ന അവസ്ഥയും ഉണ്ടായി.
എന്നാല്‍ ഇപ്പോള്‍ അത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുമ്പോള്‍ പിന്നെ എന്തിനാണ് ഈ കോലാഹലങ്ങള്‍ ഉണ്ടാക്കിയതെന്ന ചോദ്യം ആഭ്യന്തരവകുപ്പില്‍ പുതിയ വിവാദത്തിന് ഇട നല്‍കിയിരിക്കുകയാണ്.
കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളിലെ എസ്പിമാരോട് ഇതുമായി ബന്ധപ്പെട്ട് ഡിജിപി വിശദീകരണം തേടിയിട്ടുണ്ട്.
വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഇന്നലെയാണ് കറുപ്പ് മാസ്കിനുള്ള അപ്രഖ്യാപിത നിരോധനം പോലീസ് പിന്‍വലിച്ചത്.
എന്നാല്‍ ഇതെല്ലാം ആരുടെ ഇഷ്ടപ്രകാരമായിരുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്.
കറുപ്പ് തന്നെ ഇടണമെന്ന് എന്താണിത്ര നിര്‍ബന്ധമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ ചോദ്യവും ഇടതുമുന്നണിയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വിഷയത്തില്‍ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ ശക്തമായ വിമര്‍ശനം എല്ക്കേണ്ടിവരുമെന്ന ഭയവും സര്‍ക്കാരിനുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ വെളിപ്പെടുത്തല്‍ നടത്തുകയും പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്ത പശ്ചാത്തലത്തില്‍ കറുപ്പ് മാസ്കിനും വസ്ത്രത്തിനും ഞായറാഴ്ച മുതല്‍ വിവിധ പരിപാടികളിലായി പോലീസ് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
പലരുടെയും കറുപ്പ് മാസ്ക് അഴിപ്പിച്ചു, പകരം മാസ്ക് നല്കി. കറുത്ത വസ്ത്രം ധരിച്ചവരെ പരിപാടികളിലേക്ക് കടത്തി വിട്ടില്ല.
ഇതിനെല്ലാം പകരമായി കറുത്ത മാസ്കും വസ്ത്രവും ധരിച്ചെത്തിയായിരുന്നു പ്രതിപക്ഷ എംഎല്‍എമാര്‍ അടക്കമുള്ളവരുടെയും പ്രവര്‍ത്തകരുടെയും പ്രതിഷേധം.
കരിദിനം ആചരിച്ച് കോൺഗ്രസ്
തിരുവനന്തപുരം: കെപിസിസി ആസ്ഥാനം ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും.
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധം ഉണ്ടായതിനു പിന്നാലെ ഇന്നലെ തലസ്ഥാനത്ത് തെരുവ് യുദ്ധം ആണ് അരങ്ങേറിയത്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ ആക്രമിക്കപ്പെട്ടു.
ഇതിനു പിന്നാലെ വെള്ളയന്പലത്തെ സിഐടിയു ഓഫീസും ആക്രമിക്കപ്പെട്ടു. ക്ലിഫ് ഹൗസിനു മുന്നിലെ കോൺഗ്രസിന്റെ ഫ്ളക്സുകൾ നശിപ്പിക്കപ്പെട്ടു.
കെപിസിസി ആസ്ഥാനമെന്നത് കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്. അതിനു നേരെയാണ് സിപിഎം ആക്രമണം അഴിച്ചുവിട്ടതെന്നും സിപിഎം അക്രമവുമായി മുന്നോട്ടുപോയാൽ ആത്മരക്ഷാർഥം പ്രതിരോധിക്കേണ്ടി വരുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.
ക്ലിഫ് ഹൗസിനു മുന്നിൽ കറുപ്പണിഞ്ഞ് മഹിളാമോർച്ചയുടെ പ്രതിഷേധം
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഇന്ന് രണ്ട ് പൊതുപരിപാടികൾ ഉള്ളതിനാൽ തലസ്ഥാനത്ത് പോലീസിന്റെ കനത്ത സുരക്ഷ.
രണ്ട ് സ്ഥലങ്ങളിലും പ്രതിഷേധങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കനത്ത സുരക്ഷയൊരുക്കിയിരിക്കുന്നത്.
കറുപ്പണിഞ്ഞ്…
ഇന്ന് രാവിലെ വിളപ്പിൽശാലയിലെ ഇഎംഎസ് അക്കാദമിയിലെ പരിപാടിയിൽ പങ്കെടുക്കാൻ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നിന്ന് അദ്ദേഹം പുറപ്പെടുന്നതിന് മുൻപ് മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി റോഡിലേക്കെത്തി.
കറുത്ത വസ്ത്രമണിഞ്ഞ് മുദ്രാവാക്യം വിളികളോടെ എത്തിയ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിളപ്പിൽശാലയിലേക്ക് പോകുന്ന വീഥികളിൽ വിപുലമായ പോലീസ് വിന്യാസവും സുരക്ഷയുമാണ് സിറ്റി പോലീസും റൂറൽ പോലീസും ഒരുക്കിയത്. ഓരോ 50 മീറ്ററിനുള്ളിലും ഒരു പോലീസ് എന്ന വിധത്തിലായിരുന്നു പോലീസിനെ വിന്യസിച്ചിരുന്നത്.
പല സ്ഥലങ്ങളിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ട ാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സിറ്റിയിലെയും റൂറലിലെയും പോലീസ് സംഘം സുരക്ഷയൊരുക്കിയത്.
തിരുവനന്തപുരം ഡിസിപി അങ്കിത് അശോകന്റെയും റൂറൽ എസ്പി. ഡോ. ദിവ്യ ഗോപിനാഥിന്റെയും നേതൃത്വത്തിലായിരുന്നു സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയത്.
വൻ സുരക്ഷ
ഇന്ന് വൈകുന്നേരം അഞ്ചിന് അയ്യങ്കാളി ഹാളിൽ നടക്കുന്ന മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലും വൻ സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്.
രാത്രി സംഘർഷം
ഇന്നലെ വിമാനത്തിൽ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മുദ്രാവാക്യം വിളികളെ തുടർന്ന് ഇന്നലെ രാത്രിയിൽ കോണ്‍ഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തെരുവിൽ പ്രകടനങ്ങളുമായി ഇറങ്ങിയത് പല സ്ഥലങ്ങളിലും സംഘർഷത്തിൽ കലാശിച്ചു.
കെപിസിസി ആസ്ഥാനത്തിന് നേരെ രാത്രിയിൽ ഉണ്ട ായ ആക്രമണം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചിരുന്നു.
ഇതേ തുടർന്ന് സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവർത്തകർ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടിമരങ്ങളും ഓഫീസുകൾക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടു.
വി.കെ.പ്രശാന്ത് എംഎൽഎയുടെ ഓഫീസിന് നേരെ പ്രതിഷേധവുമായെത്തിയ കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചിരുന്നു.