കഞ്ചിക്കോട്: കഞ്ചിക്കോട്- വേനോലി റോഡിൽ കോരയാർ പുഴയോരത്ത് നരകംപുള്ളി പാലത്തിനുസമീപം ആശുപത്രി മാലിന്യം, കോഴി വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യം തള്ളിയവർക്ക് തക്കതായ ശിക്ഷ നല്കി കസബ പോലീസ്. പുഴയോരത്ത് മാലിന്യം തള്ളാനെത്തി പോലീസ് പിടിയിലായ പ്രതികളെക്കൊണ്ടുതന്നെ പരിസരം വൃത്തിയാക്കിയായിരുന്നു കസബ സർക്കിൾ ഇൻസ്പെക്ടർ ടി.എൻ.ഉണ്ണിക്കൃഷ്ണൻ ശിക്ഷ നടപ്പാക്കിയത്.
തിങ്കളാഴ്ച രാത്രിയാണു കല്ലേപ്പുള്ളി സ്വദേശിയായ കാശിനാഥൻ, നൂറണി സ്വദേശി സന്തോഷ് എന്നിവർ ഓട്ടോറിക്ഷയിൽ പുതുശേരി അരയക്കാട് മാലിന്യം തള്ളാനെത്തിയത്. ഇവരെ നാട്ടുകാർ കൈയോടെ പിടികൂടി കസബ പോലീസിനു കൈമാറുകയായിരുന്നു.റോഡരികിൽ മാലിന്യംതള്ളുന്നത് പുഴയിൽ വെള്ളം മലിനമാകാനും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻനും കാരണമാകുന്നു.
കോരയാർ പുഴയിലെ വെള്ളം ഭാരതപ്പുഴയിലേക്കാണ് എത്തുന്നത്. ഇതുവഴി പുഴയോരത്തെ കിണറുകൾ മലിനമാകാനും കാരണമാകുന്നു. ഇനി റോഡരികിൽ മാലിന്യം തള്ളുന്നവർക്ക് മുന്നറിയിപ്പാണിതെന്നു സിഐ പറഞ്ഞു.
പരിസരം വൃത്തിയാക്കിയശേഷം ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും സിഐ കൂട്ടിച്ചേർത്തു.