രസകരമായ സംഭവം അരങ്ങേറിയത് അങ്ങ് കാസര്‍ഗോഡാണ്. പ്ലസ്ടുവിനു പഠിക്കുന്ന ആണ്‍കുട്ടിയും അതേ സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥിനിയും തമ്മില്‍ പ്രണയത്തിലായി. പ്രണയം തലയ്ക്കു പിടിച്ചതോടെ പഠനത്തില്‍ ശ്രദ്ധ കുറഞ്ഞു. മാതാപിതാക്കള്‍ ഇവരുടെ അസ്ഥിക്കു മൂത്ത പ്രണയം കണ്ടെത്തുകയും ചെയ്തു. ഇതോടെ ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. കൂട്ടുകാരന്റെ അച്ഛന്റെ ബൈക്ക് വേറൊരു ആവശ്യത്തിന് വാങ്ങിയ 17കാരന് പാതിരാത്രി പെണ്‍കുട്ടിയുമായി നാടുവിടാന്‍ തീരുമാനിച്ചു.
പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കടത്തികൊണ്ടു വരുന്നതില്‍ കൗമാരക്കാരന് വിജയിക്കുകയും ചെയ്തു. ഇവര്‍ പാതിരാത്രി ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടയര്‍ പഞ്ചറാകുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. അതുവഴി പട്രോളിംഗിനെത്തിയ പോലീസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച അര്‍ധ രാത്രി 12 മണിയോടെ നെല്ലിക്കട്ടയില്‍ പോലീസ് വാഹന പരിശോധന നടത്തുനോഴാണ് മധൂര്‍ കൊല്ല്യ സ്വദേശിയായ 17കാരനും അയല്‍വാസിയായ 16 കാരിയും സഞ്ചരിച്ച ബൈക്ക് എത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അസമയത്ത് സഞ്ചരിക്കുന്നതില്‍ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തുവെങ്കിലും പരസ്പര വിരുദ്ധമായ മറുപടി നല്കി കുട്ടിക്കമിതാക്കള് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടു പോയി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ തങ്ങള്‍ പ്രണയത്തിലാണെന്നും നാടു വിടാന്‍ ശ്രമിച്ചതാണെന്നും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി. പോലീസ് രണ്ടുപേരെയും വീട്ടുകാരെ വിളിച്ചു വരുത്തി അവര്‍ക്കൊപ്പം അയച്ചു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഓടിക്കാന്‍ നല്‍കിയതിന് ബൈക്കിന്റെ ആര്‍സി ഉടമക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. നഗരത്തിലെ പ്രശസ്തമായ സ്കൂളിലാണ് ഇരുവരും പഠിക്കുന്നത്.