കാസർഗോഡ്: പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവ് അറസ്റ്റിൽ. എരിയാൽ സ്വദേശി അഹമ്മദിന്റെ ഭാര്യ നസീമയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 18-ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് നസീമ ഒന്നര വയസുള്ള അഫ്സത്ത് ഷംസനയെ വീടിനോടു ചേർന്നുള്ള വയലിലെ ആൾമറയില്ലാത്ത കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്.
ഇവർക്കെതിരേ കൊലക്കുറ്റത്തിനാണ് കേസെടുത്തത്. കുഞ്ഞിന്റെ വയറ്റിൽ ഭക്ഷണമൊന്നുമുണ്ടായിരുന്നില്ലെന്നും കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നതാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഷംന അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നാണ് യുവതി ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. ഒന്നര വയസായിട്ടും കുഞ്ഞ് നടക്കാത്തതിനാൽ എടുത്തുകൊണ്ടുപോകാൻ പ്രയാസമുള്ളതിനാലാണ് കിണറ്റിലെറിഞ്ഞു കൊന്നതെന്ന് യുവതി പിന്നീട് പോലീസിനോടു സമ്മതിച്ചു. ഷംനയുടെ ഇരട്ടയായ മറ്റൊരു കുഞ്ഞ് നേരത്തെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു.