കാസര്‍ഗോഡ് : ജില്ലയില്‍ രണ്ടാമതും കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ട് എംഎല്‍എമാരുള്‍പ്പെടെ കൂടുതല്‍ പേര് നിരീക്ഷണത്തില്‍.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ച കാസര്‍ഗോഡ് കുഡ് ലു സ്വദേശിയായ 47 കാരനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതിനാലാണ് കാസര്‍ഗോഡ് എംഎല്‍എ എന്‍.എ. നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന് എന്നിവര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്.
ഇരുവര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല. ഒരു വിവാഹച്ചടങ്ങിലാണ് ഇരുവരും നിലവില്‍ കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയത്.
11 ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ വ്യക്തി 12 ന് മാവേലി എക്സ്പ്രസ്സിലാണ് കാസര്‍ഗോഡ് എത്തിയത്. 17 ന് മാത്രമാണ് ഇയാള്‍ രോഗലക്ഷണങ്ങളുമായി ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കെത്തുന്നത്.
ഇതിനിടയില്‍ ഒരു ഫുട്ബോള്‍ മത്സരവും വിവാഹച്ചടങ്ങുമുള്പ്പെടെ നിരവധി പൊതു പരിപാടികളില്‍ ഇയാള്‍ പങ്കെടുത്തിരുന്നതായാണ് വിവരം. ഈ സ്ഥലങ്ങളിലെല്ലാം ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമം തുടങ്ങിയിട്ടുണ്ട്.
മാര്‍ച്ച് 11 ന് പുലർച്ചെ 2 30 നാണ് വിമാനം ദുബായില്‍ നിന്നും തിരിച്ചത്. 11 ന് കോഴിക്കോട് തങ്ങിയ ഇദ്ദേഹം 12 ന് മാവേലി എക്സ്പ്രസിലെ എസ് 9 കമ്പാര്‍ട്ട്മെന്റിലാണ് കാസര്‍ഗോട്ടെത്തിയത്.
17 ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ഹാജരാവുകയും തൊണ്ടയില്‍ നിന്നുള്ള സ്രവം ആലപ്പുഴ വൈറോളജി ലാബില്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
ഇപ്പോള്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില പൂര്‍ണ തൃപ്തികരമാണെന്ന് ഡിഎംഒ ഡോ. എ. വി. രാംദാസ് അറിയിച്ചു.